കെപിസിസി തര്‍ക്കം: ഒരുമിച്ച് പോകണമെന്ന് ചെന്നിത്തല, വിമര്‍ശനം വന്നാൽ നേതാക്കൾ തിരുത്തണമെന്ന് കെ മുരളീധരൻ

Published : Jul 27, 2024, 11:23 AM IST
കെപിസിസി തര്‍ക്കം: ഒരുമിച്ച് പോകണമെന്ന് ചെന്നിത്തല, വിമര്‍ശനം വന്നാൽ നേതാക്കൾ തിരുത്തണമെന്ന് കെ മുരളീധരൻ

Synopsis

മിഷൻ 2025 ചുമതലയെ കുറിച്ച് താൻ ഇറക്കിയ സർക്കുലറിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളിലാണ് വിഡി സതീശന് അതൃപ്തി. തൻ്റെ പ്രതിഷേധം അദ്ദേഹം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: മിഷൻ 2025-മായി ബന്ധപ്പെട്ട് കെപിസിസിയിലെ തര്‍ക്കം പരിഹരിച്ച് പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിമര്‍ശനങ്ങൾ ഉയര്‍ന്നാൽ നേതാക്കൾ തിരുത്തണമെന്ന നിലപാടുമായി കെ മുരളീധരനും രംഗത്ത് വന്നു. അതേസമയം ഹൈക്കമാൻഡ് ഇടപെടൽ ഇല്ലാതെ ഇനി മിഷൻ 2025 ചുമതല ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പാര്‍ട്ടിക്കുള്ളിൽ ഐക്യത്തിന്റ സന്ദേശം ഇല്ലാതാക്കരുതെന്നും കോൺഗ്രസ് ഒരുമിച്ച് പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വഷളാക്കരുത്. പരാതി ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണം. പാർട്ടി യോഗങ്ങളിലെ അഭിപ്രായങ്ങൾ പുറത്തു പറയരുത്. മിഷൻ 2025 എല്ലാവരും യോജിച്ചു എടുത്ത തീരുമാനമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.

പാർട്ടിയാണ് വലുതെന്നായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം. കെപിസിസിക്ക് കീഴിലാണ് മിഷൻ 2025. ജില്ലകളുടെ ചുമതല ജനറൽ സെക്രട്ടറിമാർക്ക് തന്നെയാണ്. മിഷൻ 2025 ഭാഗമായുള്ള നേതാക്കൾ സഹായികൾ മാത്രമാണ്. നേതാക്കൾക്കെതിരെ വിമർശനങ്ങൾ ഉണ്ടായാൽ തിരുത്തണം. വിഡി സതീശൻ  വിട്ടുനിൽക്കുന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. നേതാക്കൾക്ക് ക്ഷാമം ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഏതു നേതാവിനെയും വിമർശിക്കാനുള്ള ജനാധിപത്യം പാർട്ടിയിൽ ഉണ്ട്. പാർട്ടി ചർച്ചകൾ പുറത്തു പറയുന്നത് ഇരുട്ടിന്റെ സന്തതികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മിഷൻ 2025 ചുമതലയെ കുറിച്ച് താൻ ഇറക്കിയ സർക്കുലറിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളിലാണ് വിഡി സതീശന് അതൃപ്തി. തൻ്റെ പ്രതിഷേധം അദ്ദേഹം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ ചേര്‍ന്ന ലീഡേഴ്‌സ് യോഗത്തിൽ എഐസിസി നിര്‍ദ്ദേശ പ്രകാരം മിഷൻ 2025 ചുമതല ഏറ്റെടുത്തിട്ടും കെപിസിസി അധ്യക്ഷൻ അടക്കം വിമ‍ർശിച്ചതിലാണ് സതീശന് അതൃപ്തി. നിലവിൽ ജില്ലകളിൽ ചുമതലയിലുള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പുതിയ നേതാക്കൾക്ക് മിഷൻ 2025 വഴി ചുമതല നൽകിയതിലാണ് കെപിസിസി ഭാരവാഹികളുടെ അതൃപ്തി. പ്രശ്ന പരിഹാരത്തിനായി കെസി വേണുഗോപാൽ ഉടൻ വിഡി സതീശനുമായും കെ സുധാകരനുമായും സംസാരിക്കുമെന്നാണ് വിവരം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്