
തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമൊരുക്കിയ സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സ്പ്രിംക്ലറിന്റെ വെബ് സർവറിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിർത്തണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിംക്ലറിന്റെ വെബ്‌സർവറിൽ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളുടെ ഉടമസ്ഥർക്ക് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
സ്പ്രിംക്ലർ വിഷയത്തിൽ സംസ്ഥാനത്തെ മന്ത്രിമാർക്ക് വ്യത്യസ്ത അഭിപ്രായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ ആരോപിച്ചു. കരാർ ഒപ്പിട്ടതോടെ ഭരണഘടന പൗരൻമാർക്ക് നൽകുന്ന മൗലിക അവകാശ സംരക്ഷണം സർക്കാർ ലംഘിച്ചു. സ്പ്രിംക്ലറില്‍ സിപിഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കണം. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ മാന്യത ഇല്ലാത്തവരായാണ് മുഖ്യമന്ത്രി കാണുന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
സ്പ്രിംക്ലറിനെ മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയുമുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കരാർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേ സമയം സ്പ്രിംക്ലർ കരാറിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങൾ സ്പ്രിംക്ലര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോർച്ച ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. കരാർ ലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ന്യൂയോർക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam