കിഫ്ബി: മുഖ്യമന്ത്രിക്ക് മറുപടി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, വേണ്ടത് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിംഗ് തന്നെയെന്ന് ചെന്നിത്തല

By Web TeamFirst Published Sep 18, 2019, 10:26 AM IST
Highlights

കിഫ്ബി ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. വേണ്ടത് സിഎജിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ് തന്നെയെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മസാല ബോണ്ട് ആരോപണങ്ങളിലും പ്രതി പക്ഷം ഉറച്ച് നിൽക്കുന്നു. ടെറാനസ് എത്ര നേട്ടമുണ്ടാക്കി എന്നതിനപ്പുറും സ്വകാര്യ കമ്പനി എത്ര കോടി നേട്ടമുണ്ടാക്കി എന്നത് പുറത്തുവരണം. സ്പീക്കർ പോലും സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപെട്ടു. 

പ്രതിപക്ഷം നിയമ പോരാട്ടം തുടരുകയാണ്. താൻ വികസന വിരോധിയല്ല. ടെറാനസിനെ പരിശോധന ഏൽപ്പിച്ചത് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കിയാണെന്നും ചെന്നിത്തല ആരോപിച്ചു. കിഫ്ബിയിൽ പൂർണ ഓഡിറ്റിന് അനുമതി നൽകാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് നൽകിയ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കിയിരുന്നു.

കിഫ്ബി ഓഡിറ്റിൽ ഒരു തരത്തിലുള്ള മറച്ചുവയ്ക്കലുമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സുതാര്യമായ രീതിയിൽ കിഫ്ബിയിൽ സിഎജിയുടെ ഓഡിറ്റ് നടക്കുന്നുണ്ട്. കിഫ്ബിക്കെതിരെ ഇപ്പോൾ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ്. ഈ വരവ് ചെലവടക്കമുള്ള സകല കണക്കുകളും നിയമസഭയിൽ വയ്‍ക്കേണ്ടതാണ്. സിഎജി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്നും അതുകൊണ്ട് 20-ാംവകുപ്പ് പ്രകാരമുള്ള പൂർണ ഓഡിറ്റിന് പ്രസക്തിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

click me!