അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നു; കമറുദ്ദീനെ ന്യായീകരിച്ച് ചെന്നിത്തല

By Web TeamFirst Published Nov 7, 2020, 5:41 PM IST
Highlights

അറസ്റ്റിന് തെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുത്തത് എന്തിനെന്ന് ജനങ്ങൾക്കറിയാമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ എംസി കമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റിന് തെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുത്തത് എന്തിനെന്ന് ജനങ്ങൾക്കറിയാമെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പ്രതികരിച്ചു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. യു ഡി എഫ് അതിനെ തടസപ്പെട്ടുത്തില്ല. ബിസിനസ് തകർച്ചയാണ് ഉണ്ടായത്. എംസി കമറുദ്ദീനെ ന്യായീകരിച്ച രമേശ് ചെന്നിത്തല അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയുമെന്നും പ്രതികരിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ സിരാ കേന്ദ്രം ആയി മാറിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമരം അപഹാസ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് ഡോണും ബോസുമൊക്കെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡിക്കെതിരായ എത്തിക്സ് കമ്മിറ്റി നോട്ടീസിൽ സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും വീണ്ടും അവിശ്വാസം കൊണ്ടുവരേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇരിക്കുന്ന പദവിയുടെ അന്തസ് പോലും കളഞ്ഞാണ് സ്പീക്കറുടെ പ്രവര്‍ത്തനം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും ഇതുകൊണ്ടൊന്നും തകര്‍ക്കാനാകില്ലെന്നുമായിരുന്നു എംസി കമറുദ്ദീൻ എംഎൽഎയുടെ പ്രതികരണം. ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിലാണ് മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലായിരുന്നു കമറുദീനെ അറസ്റ്റ് . ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. എന്നാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റ‍ർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു കേസുകളിൽ ഇവരെ പ്രതി ചേ‍ർക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. 

 

click me!