'ഭരണപരാജയം മറച്ചുവെക്കാൻ കോൺഗ്രസിനെ പഴിചാരുന്നു' കൊലപാതകത്തിൽ പങ്കില്ലെന്ന് ചെന്നിത്തല

By Web TeamFirst Published Aug 31, 2020, 9:45 AM IST
Highlights

"വ്യക്തിവൈരാഗ്യമാണ് കാരണം. ഭരണപരാജയം മറച്ചു വക്കാൻ കോൺഗ്രസിനെ പഴിചാരുകയാണെന്നും കോൺഗ്രസ്  ആരോപിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യക്തിവൈരാഗ്യമാണ് കാരണം. ഭരണപരാജയം മറച്ചു വക്കാൻ  കോൺഗ്രസിനെ പഴിചാരുകയാണ്. ഇത് വിലപ്പോകില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡൻ്റും പാർട്ടി അംഗവുമാണ്. 

കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലുള്ളത്. ഐഎൻടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്നത് ആറ് പേരായിരുന്നുവെന്ന് വിവരം. ഇവരുടെ പിടികൂടാനുള്ള ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. ബൈക്കിലെത്തി കൊല നടത്തിയ ശേഷം ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.  തിരുവനന്തപുരം റൂറൽ എസ്പി രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കിയിരുന്നു. 

 

click me!