അലനും താഹയും ചെയ്ത തെറ്റ് എന്താണ് ? ; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ചെന്നിത്തല

Web Desk   | Asianet News
Published : Jan 28, 2020, 03:20 PM IST
അലനും താഹയും ചെയ്ത തെറ്റ് എന്താണ് ? ; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ചെന്നിത്തല

Synopsis

എൻഐഎ യെ കേസ് ഏൽപ്പിക്കാൻ പാകത്തിൽ അലനും താഹയും ചെയ്ത തെറ്റെന്താണ്? പൊതു സമൂഹത്തിന് അറിയാൻ അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് 

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലനെയും താഹയേയും അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തുന്ന പിണറായി വിജയൻ ഇവര്‍ ചെയ്ത തെറ്റ് എന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ കൂടി തയ്യാറാകണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. 

രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിന്‍റെ പൂര്‍ണ്ണരൂപം: 

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

അങ്ങയുടെ  പാര്‍ട്ടിയിലെ അംഗങ്ങളും  വിദ്യാര്‍ത്ഥികളുമായിരുന്ന  കോഴിക്കോട്  സ്വദേശികളായ  അലന്‍ ഷൂഹൈബ്, താഹ ഫസല്‍ എന്നീ രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് യുഎപിഎ  ചുമത്തി ജയിലിലാക്കുകയും, പിന്നീട് ആ കേസ് എൻഐഎക്ക്  കൈമാറുകയും ചെയ്തുവല്ലോ. നിര്‍ഭാഗ്യവാന്‍മാരായ ഈ രണ്ട് ചെറുപ്പക്കാരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം ഞാന്‍ പോവുകയും അവരുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. അവരുടെ വീട്ടുകാരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ  ഇവര്‍ നിരോധിത സംഘടനായായ  സി.പി.ഐ (എം എല്‍) മാവോയിസ്റ്റിന്റെ അംഗങ്ങളാണെന്ന് മനസിലാക്കാന്‍ എനിക്ക് സാധിച്ചില്ല. മാത്രമല്ല ആ രണ്ട് കുട്ടികളുടെ ഭാവിയെ കുറിച്ച് രണ്ട് വീട്ടുകാരും കനത്ത ആശങ്കയിലും ദുഖത്തിലുമാണ്. ഭരണകൂട   ഭീകരതയുടെ ഇരകളാണ് തങ്ങളുടെ മക്കളെന്ന് ഈ രണ്ട് ചെറുപ്പക്കാരുടെയും മാതാപിതാക്കാള്‍  വിശ്വസിക്കുകയും, ആ വിശ്വാസം അവര്‍ എന്നോട് പങ്കുവയ്ക്കുകയും ചെയ്തു.

അങ്ങയുടെ പാര്‍ട്ടിയില്‍ പരമ്പരാഗതമായി അടിയുറച്ച് വിശ്വസിക്കുന്ന രണ്ട് കുടുംബങ്ങളിലാണ് ഈ കുട്ടികള്‍ ജനിച്ചു വളര്‍ന്നത്. ഈ കുട്ടികളെ അറസ്റ്റ്  ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിടയ്ക്കുമ്പോള്‍ അവര്‍ ചെയ്ത കുറ്റമെന്താണെന്ന് പറയാനുള്ള ബാദ്ധ്യത ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ അങ്ങേയ്ക്ക് ഇല്ലേ? ഇവര്‍ നിരോധിത സംഘടനയില്‍ പെട്ടവരാണ് ഉറപ്പിക്കാനും അറസ്റ്റ് ചെയ്യാനും എന്ത് തെളിവുകളാണ് ഉണ്ടായിരുന്നത്?  പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വയ്കുന്നത് അറസ്റ്റ് ചെയ്യാനോ നിരോധിത സംഘടനയുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാനോ  മതിയായ രേഖകള്‍ അല്ലെന്ന് വിവിധ കോടതി വിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്യാം ബാലകൃഷ്ണന്‍ vs   കേരള സര്‍ക്കാര്‍ എന്ന കേസില്‍ കേരള  ഹൈക്കോടതി  ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ എന്ത് കൊണ്ടാണ്, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്  പത്തൊമ്പതും ഇരുപത്തിമൂന്നും വയസായ രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തി അങ്ങയുടെ പൊലീസ് അറസ്റ്റ് ചെയ്തത്?

2019 നവംബര്‍ 1 നാണ് ഈ രണ്ട് ചെറുപ്പക്കാരും   പൊലീസ് പിടിയിലായത്. അട്ടപ്പാടി വനത്തില്‍  നാല്  മാവോയിസ്റ്റുകളെ പൊലീസ് നിര്‍ദയം വെടിവച്ച് കൊന്നതിന്റെ പിന്നാലെ ആയിരുന്നു ഈ  അറസ്റ്റ്.  നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഭാഷ കടമെടുത്ത് കൊണ്ട് അര്‍ബന്‍ മാവോയിസ്റ്റ് എന്ന് പറഞ്ഞു കൊണ്ടാണ് അങ്ങയുടെ പൊലീസ്  ഈ നടപടി ഈ രണ്ട് പേര്‍ക്കുമെതിരെ കൈക്കൊണ്ടത്. അര്‍ബന്‍ മാവോയിസ്റ്റുകള്‍ എന്ന പ്രയോഗം ബി.ജെ.പി സര്‍ക്കാരാണ് യു.എ.പി.എ ആക്ടില്‍ കൂട്ടിചേര്‍ത്തത്. ഇത് ഉപയോഗിച്ച് ആരെയും തീവ്രവാദിയാക്കാം. ഇതിനെയാണ് താങ്ങള്‍ എടുത്ത് പ്രയോഗിച്ചത്. യു.എ.പി.എയ്ക്ക് എതിരെ ഘോരഘോരം പ്രസംഗിക്കുകയും തരംകിട്ടിയപ്പോള്‍ അത് പ്രയോഗിക്കുകയുമാണ് താങ്കള്‍ ചെയ്തത്.
ഇപ്പോള്‍ ഏതാണ്ട് മൂന്ന് മാസത്തോളമായി  ഇവര്‍ ജയിലില്‍ ആണ്. യു.എ.പി.എ  ചുമത്തിയത് കാരണമാണ് ഈ കേസ് എന്‍.ഐ.എ ഏറ്റെടുത്തത്.  ഈ രണ്ട് ചെറുപ്പക്കാരെ   അടുത്തെങ്ങും ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ തടവിലായതും അടിസ്ഥാനമില്ലാതെ യു.എ.പി.എ ചുമത്തിയത് കാരണമാണ്.

എത്ര ക്രൂരമായിട്ടാണ് അങ്ങ് ഈ കുട്ടികളെപ്പറ്റി വിധി പ്രസ്താവന നടത്തിയത്. ഈ രണ്ട് ചെറുപ്പക്കാരും മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് അങ്ങ് ചിരിക്കുന്ന ദൃശ്യം ടെലിവിഷന്‍ ചാനലുകളില്‍ കാണുമ്പോള്‍ സാധാരണക്കാരുടെ മനസ് വേദനിക്കുകയാണ്. മാവോയിസ്റ്റുകളാണെന്നതിന്റെ പരിശോധന മുഴുവന്‍ പൂര്‍ത്തിയായെന്നാണ് അങ്ങ് പറയുന്നത്.  ഇവര്‍ ആട്ടിന്‍കുട്ടികളല്ലെന്നും ചായ കുടിക്കാന്‍ പോയവരല്ലെന്നും അങ്ങ് പറയുന്നു.  അതേ സമയം അങ്ങയുടെ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഇവരെ മാവോയിസ്റ്റുകളെന്ന് പറയാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. ഇവര്‍ ഇപ്പോഴും സി.പി.എം അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മോഹനന്‍ പറഞ്ഞത്. പൊലീസ് നല്‍കിയ വിവരങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും മോഹനന്‍ പറയുകയുണ്ടായി. എന്നാല്‍ ഇവര്‍ എസ്.എഫ്.ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചു എന്നാണ് പി.ജയരാജനെപ്പോലുള്ള സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. സി.പി.എമ്മിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് മനസിലാവുന്നത്. അപ്പോള്‍ ആരു പറയുന്നതാണ് ശരി?  ഈ നിലയക്ക് യാഥാര്‍ത്ഥ്യം എന്താണെന്ന് വെളിപ്പെടുത്താനുള്ള ബാദ്ധ്യത താങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു.
  താങ്കളും  സി പി എം സംസ്ഥാന നേതൃത്വവും മാവോയിസ്റ്റുകളെന്നും,  കോഴിക്കോട് ജില്ലാ  സെക്രട്ടറി  പി മോഹനനന്‍ സി പി എം അംഗങ്ങളെന്നും  പറയുന്ന അലന്‍, താഹ എന്നീ രണ്ട് ചെറുപ്പക്കാരെ എന്തിനാണ്   യു എ പി എ ചുമത്തി അറസ്റ്റ് ചെയത് ജയിലിലാക്കിയത് എന്ന് അങ്ങ് കേരളീയ സമൂഹത്തോട് വെളിപ്പെടുത്തണം.    ഇവരെ മാവോയിസ്റ്റുകളെന്ന് മുദ്ര കുത്താന്‍ എന്ത് തെളിവുകളാണ് ഉള്ളത് ?    

 കേരളത്തില്‍ ഭരണകൂട ഭീകരത ഒരിക്കലും  അനുവദിക്കാന്‍ കഴിയില്ല.  അലന്റെയും  താഹയുടെയും മാതിപിതാക്കളെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഇപ്പോഴും താങ്കളുടെ പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍  തന്നെയാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അവരുടെ രാഷ്ട്രീയ ബോധ്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നുമില്ല. പക്ഷെ  ജീവിതം തുടങ്ങുക മാത്രം ചെയ്ത ഈ രണ്ട് കുട്ടികള്‍ അവരെ അനന്തകാലം കാരാഗൃഹത്തില്‍ അടയ്ക്കാന്‍ തക്കവണ്ണം എന്ത് കുറ്റമാണ് അവര്‍  ചെയ്തത്  എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങേക്ക് ബാധ്യത ഉണ്ട്.  അതില്‍ നിന്ന് ഒളിച്ചോടുന്നത്   ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന്  തുല്യമാണെന്ന് അങ്ങയെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി