വീണ്ടും ശബരിമല ഉയർത്തി ചെന്നിത്തല; യുഡിഎഫ് വന്നാൽ നിയമനിർമ്മാണം നടത്തുമെന്ന് വാഗ്ദാനം

By Web TeamFirst Published Feb 6, 2021, 10:10 AM IST
Highlights

ശബരിമല കേസിൽ സർക്കാരിൻ്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞില്ലെന്നും സർക്കാർ ഭക്തർക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ശബരിമല വിഷയത്തിലും നിയമന വിവാദങ്ങളിലും സ‍ർക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്നും പിഎസ്‍സി നിയമനത്തിന് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്‌ഥർക്കെതിരെ ക്രിമിനൽ നടപടികളെടുക്കാൻ നിയമനിർമ്മാണം നടത്തുമെന്നും ചെന്നിത്തല അവകാശപ്പെട്ടു. 

സംസ്ഥാനത്ത് പിൻവാതിൽ നിയമനമേളയാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പിഎസ്‍സി റാങ്ക് ലിസ്റ്റിലുള്ളവരോട് സർക്കാർ എന്ത് കൊണ്ടാണ് മനുഷ്യത്വപരമായ നിലപാട് എടുക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു.  എം ബി രാജേഷിൻ്റെ ഭാര്യയുടെ നിയമനം മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്നാരോപിച്ച പ്രതിപക്ഷ നേതാവ് നിയമനങ്ങൾ സുതാര്യമാണെങ്കിൽ ഫയലുകൾ മുഖ്യമന്ത്രി പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎസ്‍സി നിയമനത്തിന് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളെടുക്കാൻ കഴിയാവുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തുമെന്നും ചെന്നിത്തല വാഗ്ദാനം ചെയ്തു. 

ശബരിമല കേസിൽ സർക്കാരിൻ്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞില്ലെന്നും സർക്കാർ ഭക്തർക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസികളോട് ചെയ്ത ക്രൂരതയ്ക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ സർക്കാർ ഉറച്ച് നിൽക്കുന്നുണ്ടോയെന്നും ചോദിച്ചു. 

ശബരിമയിൽ മുഖ്യമന്ത്രി പ്രശ്‌നമുണ്ടാക്കിയത് നവോത്ഥാന നായകൻ്റെ മേലങ്കിയണിയാനാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സൂത്രപണിയിലൂടെ അധികാരത്തിലെത്താൻ മുഖ്യമന്ത്രി ശ്രമിക്കണ്ടേന്നും അത് കയ്യിൽ വച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുമെന്ന് ചെന്നിത്തല വാഗ്ദാനം ചെയ്തു. 

 

click me!