പിഎസ്‍സി ക്രമക്കേട്; സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

By Web TeamFirst Published Aug 6, 2019, 10:41 AM IST
Highlights

മറ്റ് പരീക്ഷകളിലും ക്രമക്കേട് നടന്നോ എന്ന്  പരിശോധിക്കണം. സിപിഎം നേതാക്കളും ബന്ധുക്കളും പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കടന്നു കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല.
 

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് മുഖ്യമന്ത്രിയുടെ കീഴിലുളള പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പിഎസ്‍സി പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ ബാലിശമായി വിമർശനം ഉന്നയിച്ചു. സംഭവത്തിനു പിന്നില്‍ പിഎസ്‍സി അംഗങ്ങളുടെ ഒത്താശയുമുണ്ട്. സ്വന്തക്കാർക്ക് റാങ്ക് നേടിക്കൊടുക്കാൻ പിഎസ്‍സിയിലുളളവരും ഒത്തുകളിച്ചു. ഇതില്‍ പിഎസ്‍സി ചെയര്‍മാന്‍റെ പങ്കും അന്വേഷിക്കണം. മൊബൈൽ ഫോൺ പരീക്ഷാഹാളിൽ കയറ്റാൻ അനുവദിച്ച ഇൻവിജിലേറ്റർക്കെതിരെയും അന്വേഷണം വേണം.  പരീക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. മറ്റ് പരീക്ഷകളിലും ക്രമക്കേട് നടന്നോ എന്ന്  പരിശോധിക്കണം. സിപിഎം നേതാക്കളും ബന്ധുക്കളും പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കടന്നു കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ഉത്തരകടലാസ് ചോർച്ചയില്‍  മുഖ്യമന്ത്രി ഇടപെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.  യൂണിവേഴ്സിറ്റി കോളേജിനെ  പഴയനിലയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ എസ്ഐക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരാ. ഉത്തരവാദിത്തപ്പെട്ട എല്ല‌ാവർക്കുമെതിരെ നടപടി വേണം. ബഷീറിന്റെ ഭാര്യക്ക് ജോലി നൽകണം. കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 


 

click me!