മാര്‍ക്ക് ദാന വിവാദം: ഗവർണർ പ്രകടിപ്പിച്ച രോഷം സർക്കാർ തിരിച്ചറിയണമെന്ന് ചെന്നിത്തല

By Web TeamFirst Published Dec 4, 2019, 2:38 PM IST
Highlights

വിഷയത്തിൽ ഗവർണറെ തെറ്റിദ്ധരിപ്പിക്കാനും  ശ്രമം നടന്നിട്ടുണ്ട്.  ഗവർണർ പ്രകടിപ്പിച്ച രോഷം സർക്കാർ തിരിച്ചറിയണം. 

കൊച്ചി: എംജി സര്‍വ്വകലാശാല മാര്‍ക്കുദാന വിവാദം സംബന്ധിച്ച ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭാസ മേഖലയെ ഇടതു സർക്കാർ അടിമുടി തകർക്കുകയാണ്.  ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടികളെ വിമർശിക്കുന്നതാണ് ഗവർണർക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഒരു വിദ്യാർഥിക്ക് മാത്രമായി സ്വീകരിച്ച മന്ത്രിയുടെ മാർക് ദാന നടപടി അധികാര ദുർവിനിയോഗമാണ്. ഇത് അഴിമതിയും സ്വജന പക്ഷപാതവുമാണ്. സ്ഥിതിഗതികൾ ഗുരുതരമായതുകൊണ്ടാണ് ഗവർണർക്ക് പരസ്യമായി പ്രതികരിക്കേണ്ടി വരുന്നത്.മന്ത്രിക്കു വേണ്ടിയാണ് പ്രൈവറ്റ് സെക്രട്ടറി എം ജി അദാലത്തിൽ പങ്കെടുത്തത്. സിൻഡിക്കേറ്റ് തീരുമാനം തെറ്റാണെന്ന് ഗവർണർ തനിക്ക് നൽകിയ മറുപടിയിലുണ്ട്.  എംജി വിഷയത്തിൽ ഗവർണറെ തെറ്റിദ്ധരിപ്പിക്കാനും  ശ്രമം നടന്നിട്ടുണ്ട്.  ഗവർണർ പ്രകടിപ്പിച്ച രോഷം സർക്കാർ തിരിച്ചറിയണം. 

Read Also: താക്കീതുമായി ഗവര്‍ണര്‍ ; 'വിദ്യാഭ്യാസരംഗത്തെ കേരള മോഡലിന് ചീത്തപ്പേരുണ്ടാക്കരുത്'

ഉന്നത വിദ്യാഭാസ മന്ത്രിക്ക് സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല. ഗവർണറുടെ പ്രതികരണത്തിന്റെ ഗൗരവം സർക്കാർ മനസിലാക്കണം.  മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണം.  മന്ത്രിക്ക് ഇനി പറഞ്ഞു നിൽക്കാൻ അവകാശമില്ല.  വിവിധ വിഷയങ്ങൾ ഉന്നയിച്ച് യുഡിഎഫ് ഈ മാസം 12 ന് സെക്രട്ടറിയറ്റ് മാർച്ചും കലക്ട്രേറ്റ്  മാർച്ചും നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. 

Read Also: മാര്‍ക്ക് ദാനം; തെറ്റ് ചെയ്തില്ലെന്ന നിലപാടിലുറച്ച് മന്ത്രി, എല്ലാ വിവരാവകാശ രേഖകൾക്കും മറുപടി നൽകേണ്ടതില്ല

click me!