കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് ജലീല്‍ സ്വീകരിച്ചത്. ഡെപ്യൂട്ടി സെക്രട്ടറിയുടെ ഒരു കുറിപ്പിന് പ്രതികരിക്കേണ്ടതില്ല. എല്ലാ വിവരാവകാശ രേഖകൾക്കും....

തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്കുദാനവിവാദത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു. ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടില്ല. വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും ജലീല്‍ പ്രതികരിച്ചു.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് ജലീല്‍ സ്വീകരിച്ചത്. ഡെപ്യൂട്ടി സെക്രട്ടറിയുടെ ഒരു കുറിപ്പിന് പ്രതികരിക്കേണ്ടതില്ല. എല്ലാ വിവരാവകാശ രേഖകൾക്കും മറുപടി നൽകേണ്ടതില്ല. തനിക്കൊരു പങ്കുമില്ലെന്ന് ഗവർണർ തന്നെ പറഞ്ഞിട്ടുണ്ട്. ദുഷ്പ്രചരണം നടത്തുന്നവരാണ് സർവ്വകലാശാലയുടെ സൽപേര് നശിപ്പിക്കുന്നത്. മന്ത്രിക്കോ മന്ത്രിയുടെ ഓഫീസിനോ ഒരു പങ്കും ഒന്നിനുമില്ലെന്നും ജലീല്‍ പറഞ്ഞു.

ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണെന്നാണ് ഗവര്‍ണര്‍ നേരത്തെ പറഞ്ഞത്. തെറ്റ് തിരിച്ചറിഞ്ഞ സര്‍വ്വകലാശാല അതു തിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവാദം ഇവിടെ അവസാനിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്‍റെ മാതൃകയ്ക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.

Read Also: താക്കീതുമായി ഗവര്‍ണര്‍ ; 'വിദ്യഭ്യാസരംഗത്തെ കേരള മോഡലിന് ചീത്തപ്പേരുണ്ടാക്കരുത്'

അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പറഞ്ഞു. എല്ലാം ഗവര്‍ണറും മന്ത്രിയും പറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.