കെ വിദ്യയെ കസ്റ്റഡിയിലെടുത്തത് പാർട്ടി നേതാക്കളുടെ അറിവോടെ, ആസൂത്രിത നാടകം: രമേശ് ചെന്നിത്തല

Published : Jun 21, 2023, 09:56 PM IST
കെ വിദ്യയെ കസ്റ്റഡിയിലെടുത്തത് പാർട്ടി നേതാക്കളുടെ അറിവോടെ, ആസൂത്രിത നാടകം: രമേശ് ചെന്നിത്തല

Synopsis

കേരളാ പൊലീസിന് വേണമെന്ന് വെച്ചാൽ പത്ത് മിനിറ്റിൽ ഇത്തരം കേസിൽ പ്രതിയെ പിടികൂടാൻ കഴിയും. അത് തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും സംസ്ഥാനത്തിന്റെ മുൻ ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തല പ്രതികരിച്ചു

തിരുവനന്തപുരം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ വിദ്യയെ പിടികൂടിയത് പൊലീസിന്റെ നാടകമെന്ന് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ പാർട്ടി നേതാക്കളുടെ അനുവാദത്തോടെയുള്ള അറസ്റ്റാണ് വിദ്യയുടേതെന്നും കേസിൽ തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരവും വിദ്യക്ക് പൊലീസ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വിദ്യയെ കഴിഞ്ഞ രണ്ടാഴ്ചക്കാലം പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് പറയുന്നത് അപമാനകരമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇപ്പോൾ ജനവികാരം എതിരാകുന്നുവെന്ന് കണ്ടപ്പോൾ പ്രതിയെ പിടികൂടിയതാണ്. കേരളാ പൊലീസിന് വേണമെന്ന് വെച്ചാൽ പത്ത് മിനിറ്റിൽ ഇത്തരം കേസിൽ പ്രതിയെ പിടികൂടാൻ കഴിയും. അത് തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും സംസ്ഥാനത്തിന്റെ മുൻ ആഭ്യന്തര മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

വിദ്യക്കെതിരായ കേസിൽ ടവർ ലൊക്കേഷൻ പോലും നോക്കാതെ പാർട്ടി നേതാക്കൾ പറഞ്ഞത് കൊണ്ട് പൊലീസ് പ്രതിയെ പിടികൂടാതെ നിന്നതാണ്. ഇപ്പോൾ ജനവികാരം എതിരാകുന്നുവെന്ന് മനസിലായപ്പോൾ പാർട്ടിയുടെ അനുവാദത്തോടെയാണ് അറസ്റ്റെന്നാണ് തന്റെ വിശ്വാസം. പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കിയിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് താൻ കരുതുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തിൽ പൊലീസിന് ഒരു ന്യായീകരണവും പറയാനില്ലെന്നും പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള ആസൂത്രിത നാടകമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാത്രിയോടെ കോഴിക്കോട് മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ രേഖയുണ്ടാക്കിയ വിദ്യ ആദ്യം കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. പിന്നീട് പാലക്കാട് അട്ടപ്പാടി കോളേജിൽ ജോലിക്കായി ഇന്റർവ്യൂവിന് മഹാരാജാസ് കോളേജിലെ രേഖ ഹാജരാക്കി. എന്നാൽ ഇവിടുത്തെ മറ്റൊരു അധ്യാപിക മുൻപ് മഹാരാജാസ് കോളേജിൽ പഠിപ്പിച്ചിരുന്നതിനാൽ ഇത് വ്യാജരേഖയാണെന്ന് സംശയം തോന്നി. തുടർന്ന് മഹാരാജാസ് കോളേജിൽ അറിയിക്കുകയായിരുന്നു. കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂന്ന് ദിവസത്തിന് ശേഷം പാലക്കാട് അഗളി പൊലീസിന് കൈമാറി. അഗളി പൊലീസ് രണ്ടാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതിയെ പിടികൂടിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്