
തിരുവനന്തപുരം: ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ട സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല. പാലാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സര്‍ക്കാരിന്‍റെ രാഷ്ട്രീയ നീക്കമാണിതെന്നാണ് ചെന്നിത്തലയുടെ ആരോപണം. സര്‍ക്കാരിന്‍റേത് മണ്ടന്‍ തീരുമാനമാണെന്നും ഇന്‍റര്‍പോള്‍ അന്വേഷണം വരെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു. കേസ് നനഞ്ഞ പടക്കം. ഇത് പകപോക്കലാണെന്നും ജനം തിരിച്ചറിയും. ശുഹൈബ് കേസ് സിബിഐക്ക് വിടാത്ത സർക്കാരാണ് ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് സിബിഐക്ക് വിടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ ആരോപണം നേരിടുന്ന ടൈറ്റാനിയം അഴിമതിക്കേസ് വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കുമ്പോഴാണ് ടൈറ്റാനിയത്തിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനമെടുത്തത്. ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഫിൻലാന്‍റ് ആസ്ഥാനമായി കെമൻറോ ഇക്കോ-പ്ലാനിംഗ് എന്ന കമ്പനിയിൽ നിന്നും 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനായിരുന്നു കരാർ. 86 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. പ്ലാന്‍റ് സ്ഥാപിക്കാനായി ഇറക്കുമതി ചെയ്ത ഒരു ഉപകരണം പോലും സ്ഥാപിച്ചില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam