'മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുന്നു, ശിവശങ്കർ മനസാക്ഷി സൂക്ഷിപ്പുകാരൻ', രാജി വേണമെന്ന് ചെന്നിത്തല

By Web TeamFirst Published Oct 29, 2020, 11:27 AM IST
Highlights

നിയമപരമായും ധാർമ്മികമായും മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. ജനവികാരം മാനിച്ച്  രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റോടുകൂടി പിണറായി വിജയൻ പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമപരമായും ധാർമ്മികമായും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. ജനവികാരം മാനിച്ച് രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

'തുടക്കം മുതൽ ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്പ്രിഗ്ളർ വന്നപ്പോൾ ശിവശങ്കറെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഞങ്ങൾ ശിവശങ്കറിനെ മാറ്റിനിർത്തിയില്ലേയെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുള്ളവരിലേക്കും അന്വേഷണം നീളും'.

എങ്ങനെയാണ് മുഖ്യമന്ത്രിക്ക് പീലാത്തോസിനെ പോലെ കൈ കഴുകാനാകുന്നത്. ശിവശങ്കർ മുഖ്യന്ത്രിയുടെ മനസാക്ഷി സുക്ഷിപ്പുകാരൻ. അതുകൊണ്ടാണ് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടപ്പോഴും മാറ്റാതിരുന്നത്.  നേരത്തെ പറഞ്ഞതൊന്നും ഓർമ്മയില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. സ്വപ്നയെ അറിയില്ലെന്ന് ആദ്യം പറഞ്ഞു. ഇനി ശാകുന്തളത്തിലേത് പോലെ മുദ്ര മോതിരം തെളിവായി കാണണമായിരിക്കുമെന്നും  ചെന്നിത്തല പരിഹസിച്ചു. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോടെ മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അടുത്തുവെന്നും ചെന്നിത്ത ആരോപിച്ചു. 

മുഖ്യമന്ത്രിയെ തിരുത്താനുളു ആർജവം സിപിഎമ്മിനില്ല. പാർട്ടി സെക്രട്ടറി തന്നെ മകന്റെ കേസുമായി ഉഴലുകയാണ്. 2 മന്ത്രിമാർക്ക് യുഎഇ കോൺസുലേറ്റുമായി അനധികൃത ബന്ധമുണ്ടെന്ന് തെളിഞ്ഞു. കൊവിഡ് പറഞ്ഞ് സമരങ്ങളെ അടിച്ചമർത്തുന്നത് ഇനി നടപ്പില്ല. പ്രതിപക്ഷം സമരം തുടരും. വരും ദിവസങ്ങളിൽ പലവിധത്തിൽ സമരം നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

click me!