കെപിസിസി അച്ചടക്ക നടപടികളിൽ ഇരട്ട നീതി; അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല

By Web TeamFirst Published Sep 1, 2021, 3:50 PM IST
Highlights

പരസ്യവിമർശനം അവസാനിപ്പിച്ച എ, ഐ ഗ്രൂപ്പുകൾ പരാതിയുമായി ഹൈക്കമാൻഡിനെയും സമീപിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാന നേതൃത്വത്തിനൊപ്പം ചേർന്ന് എകപക്ഷീയമായി പെരുമാറുന്നുവെന്നാണ് പരാതി. 

തിരുവനന്തപുരം: കെപിസിസി അച്ചടക്ക നടപടിയിലെ ഇരട്ടനീതിയിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. ഏകപക്ഷീയമായ നടപടികൾ ജനം വിലയിരുത്തട്ടയെന്ന് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി താരിഖ് അൻവർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ് എ, ഐ ഗ്രൂപ്പുകൾ.

ഡിസിസി പട്ടികക്ക് പിന്നാലെ ഉയർന്ന കൂട്ടക്കലാപത്തിലെ അച്ചടക്കനടപടിയും ഏകപക്ഷീയമാണെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. കെ സി വേണുഗോപാലിനെ വിമർശിച്ച പി എസ് പ്രശാന്തിനെ അതിവേഗം പുറത്താക്കി. ശിവദാസൻ നായർക്കും കെ പി അനിൽകുമാറിനും സസ്പെൻഷനും. എന്നാൽ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും രൂക്ഷമായി വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല. സംസ്ഥാന നേതൃത്വത്തിനൊപ്പം നിൽക്കുന്നവർക്ക് സംരക്ഷണമെന്നാണ് ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും ആക്ഷേപം. 

പരസ്യവിമർശനം അവസാനിപ്പിച്ച എ, ഐ ഗ്രൂപ്പുകൾ പരാതിയുമായി ഹൈക്കമാൻഡിനെയും സമീപിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാന നേതൃത്വത്തിനൊപ്പം ചേർന്ന് എകപക്ഷീയമായി പെരുമാറുന്നുവെന്നാണ് പരാതി. 

പ്രശ്നപരിഹാരം നീളുമ്പോഴും കെപിസിസി പുനസംഘടനാ നടപടികളിലേക്ക് നീങ്ങുകയാണ് സംസ്ഥാന നേതൃത്വം. ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും പുനഃസംഘടനാ ഭാഗമായി ചർച്ച നടത്തിയാകും മുന്നോട്ട് പോകുക. പക്ഷെ പേരുകൾ നിർദ്ദേശിക്കുന്നതടക്കമുള്ള സഹകരണത്തിൽ ആലോചിച്ചാകും ഗ്രൂപ്പുകളുടെ തീരുമാനം. 

click me!