
പാലക്കാട്: ജനങ്ങളെ എപ്പോഴും മാനിക്കണം എന്നതാണ് ജനാധിപത്യത്തിന്‍റെ സൌന്ദര്യമെന്ന് പാലക്കാട് ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. ജനങ്ങളെയല്ല ഭരിക്കേണ്ടത്. ജനങ്ങൾക്കു വേണ്ടിയായിരിക്കണം ഭരണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. പാലക്കാട്ടെ ഓരോ വോട്ടർക്കും നന്ദി പറയുന്നുവെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. ഊണും ഉറക്കവും ജോലിയും മാറ്റിവെച്ച പ്രവർത്തകർക്കും ലോകമെമ്പാടുനിന്നും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പിന്തുണച്ച എല്ലാവർക്കും രമേഷ് പിഷാരടി നന്ദി പറഞ്ഞു.
12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി വിജയം സ്വന്തമാക്കിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ. ഇടതില്‍ നിന്നും 2011 ല്‍ ഷാഫി പറമ്പില്‍ തിരിച്ചു പിടിച്ച മണ്ഡലമാണ് പാലക്കാട്. തുടര്‍ന്ന് 2021 വരെ ഹാട്രിക് വിജയവും ഷാഫിയെ ഈ മണ്ഡലത്തില്‍ നിന്നും തേടിയെത്തി. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ഷാഫി പറമ്പില്‍ വിജയിച്ചതോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ പാലക്കാട് ജയിച്ചു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് ലൈംഗികാരോപണക്കേസിൽ പ്രതിയായതും പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പരമ്പരാഗതമായി യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയായിരുന്നത്. കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭ എന്ന ഖ്യാതി കഴിഞ്ഞ 10 വർഷമായി പാലക്കാടിനുണ്ട്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ പാലക്കാട് വന്‍ മത്സരമാണ് ഇക്കുറി ശോഭ സുരേന്ദ്രന്‍ കാഴ്ച വെച്ചത്. കൗണ്ടിംഗ് തുടങ്ങി ഏറെ നേരം അവര്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രമേഷ് പിഷാരടി പതിയെ ലീഡിലേക്ക് എത്തുകയായിരുന്നു. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ടിന് പണം നൽകിയെന്ന ആരോപണം നേരിട്ടതും തെരഞ്ഞെടുപ്പിൽ വൻ വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam