മണ്ണാര്‍ക്കാട് ഭൂരിപക്ഷം 5 ഇരട്ടി ഉയര്‍ത്തി ലീഗ്; എന്‍ ഷംസുദ്ദീന് തുടര്‍ച്ചയായ നാലാം ഊഴം

Published : May 04, 2026, 06:42 PM IST
udf iuml candidate ADV N SAMSUDHEEN won in Mannarkkad Assembly Election 2026

Synopsis

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീന് വിജയം

മണ്ണാർക്കാട് : 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാർക്കട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍ ഷംസുദ്ദീന് (മുസ്‍ലിം ലീഗ്) വിജയം. 25,903 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഷംസുദ്ദീന്‍ വിജയിച്ചത്. ഷംസുദ്ദീന്‍ 90,606 വോട്ടുകളും സിപിഐയുടെ മന്‍സില്‍ അബൂബക്കര്‍ 64,703 വോട്ടുകളും നേടി. ബിജെപിയുടെ ഐസക് വര്‍ഗീസ് 10,671 വോട്ടുകളാണ് നേടിയത്.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര , പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് മണ്ണാർക്കാട് നിയമസഭാമണ്ഡലം. പാലക്കാടിന്റെ വടക്കുകിഴക്കൻ മേഖലയിൽ വള്ളുവനാടൻ പെരുമയും അട്ടപ്പാടിയിലെ ആദിവാസി പൈതൃകവും ഒരുപോലെ സംഗമിക്കുന്ന മണ്ഡലമാണ് മണ്ണാർക്കാട്. മണ്ണാർക്കാട് മണ്ഡലത്തിന്റെ ഭാഗമായ അട്ടപ്പാടിയിലെ ഗോത്രവർഗ്ഗ വോട്ടുകളും വികസന പ്രശ്നങ്ങളും എപ്പോഴും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാറുണ്ട്. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കേരളത്തിലെ എക്കാലത്തും വലിയ ചർച്ചാ വിഷയമാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാൻ നടപ്പിലാക്കുന്ന പദ്ധതികളുടെ വീഴ്ചകളും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കുറവുകളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉയർന്നുവരും.

മുൻകാല തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ മുസ്ലീം ലീഗിനും ഒപ്പം സിപിഐക്കും സ്വാധീനമുള്ള മണ്ഡലമാണ് മണ്ണാർക്കാട്. 2001ൽ കളത്തിൽ അബ്ദുള്ളയെ കളത്തിലിറക്കിയ ലീഗ് 12,350 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം സ്വന്തമാക്കിയിരുന്നു. എന്നാൽ, 2006ൽ ജോസ് ബേബിയെ ഇറക്കി സിപിഐ ഈ മണ്ഡലം തിരിച്ചുപിടിച്ചു. 2011ൽ ഷംസുദ്ദീൻ മത്സരിച്ചതോടെ മണ്ഡലം ലീഗിന്റെ പക്കൽ തിരിച്ചെത്തി. പിന്നീടങ്ങോട്ട് മുസ്ലീം ലീഗിന്റെ കുതിപ്പിനാണ് മണ്ണാർക്കാട് സാക്ഷിയായത്.

2011ൽ സിപിഐയുടെ വി ചാമുണ്ണിയെ 8,000ത്തിലധികം വോട്ടുകൾക്ക് ഷംസുദ്ദീൻ പരാജയപ്പെടുത്തി. 2016ൽ സിപിഐയുടെ കെ പി സുരേഷ് രാജും ഷംസുദ്ദീന് മുന്നിൽ അടിയറവ് പറഞ്ഞു. 12,300ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് ഷംസുദ്ദീൻ നിയമസഭയിലെത്തിയത്. വീണ്ടും 2021ൽ ഷംസുദ്ദീനും സുരേഷ് രാജും നേര്‍ക്കുനേര്‍ വന്നു. വിജയം അപ്പോഴും ഷംസുദ്ദീനൊപ്പം നിന്നെങ്കിലും ഭൂരിപക്ഷം 12,000ത്തിൽ നിന്ന് 5,800ലേയ്ക്ക് കുറഞ്ഞത് വിജയത്തിന് അൽപ്പം മങ്ങലേൽപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് നോർത്തിൽ അട്ടിമറി; യുഡിഎഫിന് വിജയം; ജയിച്ചുകയറിയത് അഡ്വ കെ ജയന്ത്
കാഞ്ഞിരപ്പള്ളിയിൽ താമര 'വാടി', കേന്ദ്രമന്ത്രി എത്തിയിട്ടും ക്ലച്ച് പിടിച്ചില്ല; ഒരു ചലനവും ഉണ്ടാക്കാനാവാതെ ജോർജ് കുര്യൻ