
പാലക്കാട്: ആലത്തൂർ എംപി രമ്യ ഹരിദാസിന് പിരിവ് നടത്തി കാർ വാങ്ങാനുളള തീരുമാനം പുനപരിശോധിക്കാൻ നാളെ യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി യോഗം ചേരും. പിരിവ് നടത്തി കാർ വാങ്ങാനുളള യൂത്ത് കോൺഗ്രസ് തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് പരസ്യമായി എതിർപ്പുന്നയിച്ച സാഹചര്യത്തിലാണ് യോഗം. തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവുൾപ്പെടെയുളളവർ നിർദ്ദേശം നൽകിയിരുന്നു.
ആലത്തൂർ എംപി രമ്യ ഹരിദാസിന് വേണ്ടി, ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം പിരിച്ചെടുക്കാനായിരുന്നു യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയുടെ തീരുമാനം. ഇതിനായി ആയിരം രൂപയുടെ രസീത് ബുക്കുകളും അച്ചടിച്ച് വിതരണം തുടങ്ങിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ എതിർപ്പുന്നയിച്ചിരുന്നു. തീരുമാനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് എതിർപ്പുന്നയിച്ചത്.
എംപിക്ക് വായ്പയെടുത്ത് വാഹനം വാങ്ങാമെന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം. ഇതോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുളളവർ പ്രശ്നത്തിലിടപെട്ടത്. ആലത്തൂർ പാർലമെന്റ് കമ്മിറ്റി ഉടൻ വിളിച്ച് അഭിപ്രായങ്ങൾ ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്താനാണ് നിർദ്ദേശം. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയും തിങ്കളാഴ്ച നടക്കുന്ന യോഗത്തിലെത്തും. കെപിസിസി പ്രസിഡന്റിനെ വിമർശിച്ച് അനിൽഅക്കര എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിട്ടെങ്കിലും ഉടൻ അത് പിൻവലിച്ചു. പിരിവ് നടത്തി വാഹനം വാങ്ങുന്നതിൽ തെറ്റില്ലെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്. രമ്യ ഹരിദാസിന് സാമ്പത്തിക ബാധ്യതയുളളതിനാൽ വാഹന വായ്പ കിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam