
റാന്നി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ (Infant murder) അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. റാന്നി പഴവങ്ങാടിയിൽ (Pazhavangadi) താമസിക്കുന്ന കോട്ടയം (Kottayam) സ്വദേശി ബ്ലസി (21) ആണ് അറസ്റ്റിലായത്. 27 ദിവസം പ്രായമുള്ള ആൺകുഞ്ഞ് ആണ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞ് നിരന്തരം കരയുന്നതിൽ ദേഷ്യപ്പെട്ടാണ് കൊലപാതകം ചെയ്തതെന്നാണ് അമ്മയുടെ മൊഴി.
ഈ മാസം എട്ടാം തിയതിയാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ നിലയിലായിരുന്നു കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ തലയിലെ ആഴത്തിലുള്ള മുറിവ് കട്ടിലിൽ നിന്ന് വീണത് മൂലമാണെന്നായിരുന്നു അമ്മ ബ്ലസി ഡോക്ടർമാരേട് പറഞ്ഞത്. എന്നാൽ മുറിവ് കണ്ട് സംശയം തോന്നിയതോടെയാണ് പോസ്റ്റ് മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലമായി തല ഇടിപ്പിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെയാണ് അമ്മയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയത്. ചോദ്യം ചെയ്യലിൽ കുട്ടിയെ ഭിത്തിയിൽ തല ഇടിപ്പിച്ച് കൊന്നതാണെന്ന് ബ്ലെസി സമ്മതിച്ചു.
മാസം തികയാതെ ജനിച്ച കുഞ്ഞിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശാരീരിക വെല്ലുവിളികൾ കുട്ടിയുടെ കരച്ചിലടക്കം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയുള്ള മാനസിക സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുപത്തിയൊന്ന് വയസ് പ്രായമുള്ള ബ്ലെസി വിദ്യാർത്ഥിയാണ് . വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam