
തിരുവനന്തപുരം: തിരുവനന്തപുരത്ത് (Trivandrum) പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന (Murder) കേസില്‍ മൂന്നുപേർ കൂടി പിടിയിലായി. വിഷ്ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ ഒരാളാണ് അരുൺ. ഇതോടെ പിടിയിലായവരുടെ എണ്ണം ആറ് ആയി. മൂന്ന് പേരെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ ഇന്നലെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്‍റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകൾ എത്തുന്നതിന്‍റെയും കാൽ റോഡിലെറിയുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്‍റെ മരണമൊഴിയുമുണ്ട്. ഗുണ്ടാനേതാവ് രാജേഷിന്‍റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്.
കല്ലൂരിലെ വീട്ടില്‍ സുധീഷ് ഒളിച്ച് താമസിക്കുകയായിരുന്നില്ലെന്ന് വീട്ടുടമസ്ഥന്‍ സജീവ് പറഞ്ഞു. നാല് ദിവസം മുൻപ് സുധീഷ് ഇവിടെ പണിക്ക് വന്നിരുന്നു. അതിന് ശേഷം തിരിച്ച് പോയി. ഇന്നലെ പ്രതികള്‍ ആക്രമിച്ചപ്പോള്‍ സുധീഷ് ഓടിക്കയറി വരികയായിരുന്നെന്നും സജീവ് പറഞ്ഞു.
Read Also: കൊലയാളി സംഘത്തിൽ സഹോദരിഭർത്താവും, സുധീഷിനെ കൊന്നത് കഞ്ചാവ് വിൽപ്പന തർക്കത്തിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam