
മുംബൈ/കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്പോർട്ട്. പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിൻ്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദവും പരാതിക്കാരി തള്ളിയിരുന്നു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
Read Also: കോടിയേരിയുടെ വാദം തള്ളി പരാതിക്കാരി; 'കോടിയേരിയുടെ ഭാര്യ വിനോദിനി തന്നെ വന്നു കണ്ടു'
അതേസമയം, ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കുന്നത് വൈകുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഉത്തരവ് വരുന്നത് വരെ നടപടി മരവിപ്പിക്കുമെന്നും ബിനോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നുമാണ് മുംബൈ പൊലീസ് അറിയിച്ചത്. ബിനോയ് എവിടെ എന്നതിൽ സൂചനകളില്ലെന്നും മുംബൈ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
Read Also: പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇപ്പോഴില്ല
ഇതിനിടെ, കേസിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു കോടതിയിൽ പ്രതിഭാഗം വാദിച്ചത്. 2009 മുതൽ 2015വരെ യുവതിയും ബിനോയിയും ഭാര്യാഭർത്താക്കന്മാരെപോലെ ജീവിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. പിന്നെ എങ്ങനെയാണ് ബലാൽത്സംഗക്കുറ്റം നിലനിൽക്കുക എന്ന ചോദ്യമാണ് പ്രതിഭാഗം ഉന്നയിച്ചത്. മുൻകൂർ ജാമ്യം കിട്ടിയതിന് ശേഷം പൊലീസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് ഉള്ളതെന്ന് അറിയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam