പ്രളയദുരിതത്തില്‍ നിന്ന് കേരളം കരകയറാത്തത് എന്തുകൊണ്ട്? കണക്കുകള്‍ പറയുന്നത്...

Published : Jun 23, 2019, 12:36 PM ISTUpdated : Jun 23, 2019, 01:04 PM IST
പ്രളയദുരിതത്തില്‍ നിന്ന് കേരളം കരകയറാത്തത് എന്തുകൊണ്ട്? കണക്കുകള്‍ പറയുന്നത്...

Synopsis

ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 2,54,260 ആണ്. ഇതില്‍ 13,522 വീടുകള്‍ക്ക് നഷ്ടപരിഹാരമായി ആദ്യഗഡു പോലും ഇതുവരെ ലഭിച്ചിട്ടില്ല. 

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ കേരളത്തിനുണ്ടായ നഷ്ടം 25000 കോടി രൂപയുടേതാണ്. പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേന്ദ്രവിഹിതവും സംസ്ഥാനവിഹിതവും ഉള്‍പ്പെടുന്നതായിരുന്നു ഈ തുക. എന്നാല്‍, അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ബഹുദൂരം പിന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രളയത്തില്‍ വീടിനുണ്ടായ നാശനഷ്ടം 15 ശതമാനം വരെയാണെങ്കില്‍ 10,000 രൂപ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. വീടുകള്‍ക്ക് 16-29 ശതമാനം വരെ നഷ്ടം സംഭവിച്ചവര്‍ക്ക് 60,000 രൂപ നല്‍കാനും  30-50 ശതമാനം വരെയുള്ള നഷ്ടത്തിന്   1,25,000 രൂപ നല്‍കാനും തീരുമാനിച്ചു. 60-74 ശതമാനം വരെ നഷ്ടം സംഭവിച്ച വീടുകള്‍ക്ക്  2,50,000 രൂപയും 75 ശതമാനത്തിന് മുകളില്‍ നാശം സംഭവിച്ച വീടുകള്‍ക്ക് 4 ലക്ഷം രൂപയും നല്‍കുമെന്നും പ്രഖ്യാപനമുണ്ടായി. 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 2,54,260 ആണ്. ഇതില്‍ 13,522 വീടുകള്‍ക്ക് നഷ്ടപരിഹാരമായി ആദ്യഗഡു പോലും ഇതുവരെ ലഭിച്ചിട്ടില്ല.  6297 പേര്‍ക്ക് വീട് നിര്‍മ്മാണത്തിനുള്ള പൂര്‍ണമായ തുക കിട്ടിയിട്ടില്ല. 5418 വീടുകള്‍ മാത്രമാണ് ഇതുവരെ പണി പൂര്‍ത്തിയായത്. 

വീട് നിർമിക്കാൻ സ്ഥലം പോലും കിട്ടാത്തവര്‍ 447 കുടുംബങ്ങള്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. 10,426 കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ സ്വന്തമായി വീട് നിര്‍മ്മിക്കുന്നവരാണ്. ഇതില്‍ പണി പൂര്‍ത്തിയായത് 3499 വീടുകളുടേതാണ്. ഇതിന് പുറമേ 1469 വീടുകള്‍ സഹകരണ വകുപ്പ് നിർമ്മിച്ച് നൽകി. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സ്പോണ്സര്‍ഷിപ്പിലൂടെ 503 വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.


പൂ‍ർത്തിയായ വീടുകളുടെ കണക്ക് ജില്ല തിരിച്ച്....

തിരുവനന്തപുരം  88
കൊല്ലം 93
പത്തനംതിട്ട 307
ആലപ്പുഴ   691
കോട്ടയം 124
ഇടുക്കി 442
എറണാകുളം 1223
തൃശ്ശൂർ 1171
പാലക്കാട് 899
മലപ്പുറം 129
കോഴിക്കോട് 78
വയനാട് 147
കണ്ണൂർ 26
കാസർകോട് 0

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കാനും സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആറ് ലക്ഷം രൂപ സ്ഥലത്തിനും നാല് ലക്ഷം രൂപ വീടിനും എന്നാണ് നിശ്ചയിച്ചത്. നഷ്ടപരിഹാരമായി മലയോരഖലയിലുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് 1,01,900 രൂപയാണ്. സമതലത്തില്‍ ഇത് 95,100 രൂപയാണ്. സംസ്ഥാനസര്‍ക്കാരിന്‍റെ വിഹിതം മലയോരമേഖലയില്‍ 2.98,100 രൂപയും സമതലപ്രദേശങ്ങളില്‍ 3,04,900 രൂപയുമാണ്.

കാര്‍ഷികമേഖലയിലുണ്ടായ നഷ്ടം 1361.74 കോടി രൂപയുടേതാണ്. എന്നാല്‍, നഷ്ടപരിഹാരമായി നല്‍കിയതാവട്ടെ 176 കോടി രൂപ മാത്രം. വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ ഇനിയും കൊടുക്കാനുള്ളത് 18.04 കോടി രൂപയാണ്. പാടങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ 197.78 കോടി രൂപ നല്‍കിയിട്ടുണ്ട്. പച്ചക്കറി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 92 കോടി രൂപ നല്‍കി.

സംസ്ഥാനത്ത് 16,954 കിലോമീറ്റര്‍ റോഡ് ആണ് പ്രളയത്തില്‍ തകര്‍ന്നത്. ഇതില്‍ 7602.3 കിലോമീറ്റര്‍ റോഡ് മാത്രമാണ് ഇതുവരെ പുനര്‍നിര്‍മ്മിക്കാനായതെന്നും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും'; പ്രതികരിച്ച് യുവതി
ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി