
ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ വീണ്ടും തടസ ഹർജി. അഭിഭാഷകൻ അജീഷ് കളത്തിലാണ് തടസഹർജി നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകിയ വ്യക്തിയാണ് അജീഷ്. അതേസമയം, ബലാത്സംഗ കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർജാമ്യപേക്ഷയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് മുൻ സുപ്രീം കോടതി വിധികൾക്കെതിരാണെന്നും സിദ്ദിഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സിനിമസംഘടനകൾ തമ്മിലുള്ള ചേരിപ്പോരാണ് കേസിന് കാരണമെന്നും സിദ്ദിഖ് വാദിക്കുന്നു. 154 പേജുള്ള സിദ്ദിഖിന്റെ ജ്യാമാപേക്ഷയിൽ നിലനിൽക്കാത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്നാണ് പ്രധാനവാദം. ഹൈക്കോടതി നടപടി മുൻ സുപ്രീം കോടതി വിധികൾക്കെതിരാണ്. അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ല. ലൈംഗിക ബന്ധം ഇല്ലാത്തതിനാൽ ബലാത്സംഗമല്ലെന്ന് താൻ വാദിച്ചിട്ടില്ല. താൻ വാദിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പരാതിക്കാരിയുടെ പരസ്പര വിരുദ്ധമായ ആരോപണങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല. അതിജീവിതയ്ക്ക് തന്നിൽ നിന്ന് ഭീഷണിയുണ്ടെന്ന വാദത്തിന് തെളിവുകളില്ല. ഭയം കൊണ്ടാണ് പരാതി നൽകാത്തത് എന്ന വാദവും നിലനിൽക്കില്ല. പരാതിക്കാരി സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് ഹർജിയിൽ പറയുന്നു.
ശരിയായ അന്വേഷണം നടത്താതെയാണ് തനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. ലൈംഗിക ശേഷി പരിശോധനക്ക് താൻ തയ്യാറാണ്. അതിനായി കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്നും സിദ്ദിഖ് വാദമായി ഉന്നയിക്കുന്നു. 14 പേർക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത റോത്തഗി സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്.
അതേസമയം, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളി തുടരുകയാണ്. സിദ്ദിഖ് എവിടെയെന്ന് പോലും കണ്ടെത്താന്‍ കഴിയാതെ ലുക്ക് ഔട്ട് നോട്ടീസിറക്കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ പിടികൊടുക്കേണ്ടെന്നാണ് അഭിഭാഷകര്‍ സിദ്ദിഖിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.
എന്നാൽ അഞ്ച് സംഘങ്ങളായി തിരയുകയാണെന്നാണ് പൊലീസ് ആവര്‍ത്തിക്കുന്നത്. വീടുകളിലും ഹോട്ടലുകളിലുമെല്ലാം അരിച്ചുപെറുക്കി. വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. സംസ്ഥാനത്തിന്‍റെ പുറത്തുള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. സുപ്രീംകോടതിയിലെ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. സിദ്ദിഖിനെ പൂട്ടാനുള്ള ശ്രമം ഒരു വഴിക്ക് നടക്കുമ്പോള്‍ ഇതെല്ലാം ആത്മാർത്ഥതയോടെ തന്നെയാണോ എന്നാണ് പ്രധാന ചോദ്യം.
തൃശൂർ കുതിരാനിലെ സ്വർണ്ണ കവർച്ച; പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ, അന്വേഷണത്തിന് പ്രത്യേക സംഘം
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam