
കൊച്ചി;നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവ് വിജയ് ബാബുവിന്‍റെ അറസ്റ്റ് ഉടനില്ല. ദുബായിലുള്ള പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ അവ്യക്ത തുടരുന്നതിനാൽ ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് ശ്രമം.എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് തീരുമാനം അറിഞ്ഞ ശേഷം തിരിച്ചെത്തിയാൽ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.ഹൈക്കോടതിയിൽ നിന്നേറ്റ പ്രഹരത്തിന് പിന്നാലെ വിജയ് ബാബു നാട്ടിലെത്തി കീഴടങ്ങുമെന്നായിരുന്നു കൊച്ചി പൊലീസിന്‍റെ കണക്കുകൂട്ടൽ.എന്നാൽ അതിനായി ഒരു നടപടികളും വിജയ് ബാബു ഇത് വരെയും തുടങ്ങിയിട്ടില്ല. നിലവിൽ ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയാൽ എമിഗ്രേഷൻ വിഭാഗം പ്രതിയെ തടഞ്ഞ് വെച്ച് അറസ്റ്റ് ചെയ്യും. അതിനാൽ ദുബായിൽ കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുകയാണ്. തിരിച്ചെത്താനുളള ടിക്കറ്റടക്കമുളള യാത്രാരേഖകൾ ഹാജരാക്കിയശേഷം മുൻകൂർ ജാമ്യം പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.ഈ പിടിവള്ളിയിലാണ് പ്രതിഭാഗത്തിന്‍റെ പ്രതീക്ഷ. യാത്രാ രേഖകൾ പരമാവധി വേഗത്തിൽ ഹാജരാക്കി ഹർജി വ്യാഴാഴ്ച കോടതിക്ക് മുൻപാകെ കൊണ്ടുവരാനാണ് നീക്കം. അതിനാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമാകും വരെ വിജയ് ബാബു ദുബായില്‍ തന്നെ തുടരും.പാസ്പോർട് റദ്ദാക്കിയതിനാൽ പ്രത്യേക യാത്രരേഖകൾ തയാറാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്ന്
കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടില്ല. ഇന്‍റർ പോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ
ആലോചന ഉണ്ടെങ്കിലും ഹൈക്കോടതി പരിഗണനയിലുള്ള കേസ് ആയതിനാൽ കരുതലെടുത്താകും ഇക്കാര്യത്തിലും പൊലീസ് തീരുമാനം .
നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ (actor vijay babu) നടി ദുർഗ കൃഷ്ണ. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ പറഞ്ഞു. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു. ഉടൽ സിനിമയുടെ വാർത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.
ദുര്‍ഗയുടെ വാക്കുകള്‍
വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്നുപറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.
അതേസമയം, ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ല.നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സി.എച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിൻ്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.