
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് റിപ്പോർട്ട് തേടിയ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. കേസിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വേടന്‍റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. യുവ ഡോക്ടറുടെ പരാതിയിലാണ് ബലാത്സംഗകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.
ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.
അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്തു ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam