
തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യഹര്‍ജിയിൽ അടച്ചിട്ട മുറിയിൽ വാദം തുടങ്ങി. പൊലീസ് റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. സീൽ ചെയ്ത കവറിലുള്ള പൊലീസ് റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. വിശദമായ വാദം കേള്‍ക്കാമെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പൊലീസ് ഹാജരാക്കുക. ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റൽ തെളിവുകള്‍ അടക്കം സീൽ ചെയ്ത കവറിൽ പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. അടച്ചിട്ട മുറിയിൽ വാദം കേള്‍ക്കണമെന്നാണ് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി അടച്ചിട്ട മുറിയിൽ വാദം കേള്‍ക്കാൻ അനുവദിച്ചത്. മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ നടപടികളാരംഭിച്ചത്. നേരത്തെ അവസാനമായിരിക്കും കേസ് പരിഗണിക്കുകയെന്നാണ് അറിയിച്ചിരുന്നതെങ്കിലും മറ്റു കേസുകള്‍ പരിഗണിച്ച് മാറ്റിവെച്ചശേഷം രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു. നിലവിൽ പ്രതിഭാഗത്തിന്‍റെ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍റെ വാദമാണിപ്പോള്‍ നടക്കുന്നത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകും. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വന്നശേഷമായിരിക്കും രാഹുലിനെതിരെയുള്ള നടപടിയുണ്ടാകുകയെന്നാണ് വിവരം. രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാക്കളായ കെ മുരളീധരൻ, അജയ് തറയിൽ, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. രാഹുൽ വിഷയത്തിൽ കെപിസിസി പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയെന്നും കോടതി വിധിവരട്ടെയെന്നും നല്ല വാർത്ത വരുമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശിന്‍റെ പ്രതികരണം. നല്ല വാർത്ത ആർക്കായിരിക്കും എന്ന ചോദ്യത്തിന് ആർക്കുമാകാമെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ മറുപടി. ജാമ്യ ഹര്‍ജിയിൽ തീരുമാനം ഉണ്ടായശേഷം രാഹുലിനെതിരായ നടപടിയിൽ തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അടൂര്‍ പ്രകാശം നൽകിയത്. രാഹുലിന് എം എൽ എ സ്ഥാനം നൽകിയത് ജനങ്ങളാണെന്നും കോൺഗ്രസ് സ്വീകരിച്ചത് മാതൃകപരമായ നടപടിയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ കോടതി തീരുമാനത്തിന് മുമ്പ് തന്നെ രാഹുലിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ആകാംക്ഷ.
നിയമത്തിന്‍റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണെന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രതികരണം. ഒരു എംഎൽഎയ്ക്കെതിരെ മാധ്യമ വാർത്തകൾ വന്നപ്പോൾ തന്നെ നടപടി എടുത്തു. അറസ്റ്റിലായവരെ സിപിഎം സസ്പെൻഡ് ചെയ്യുന്നില്ല. ഹൈക്കോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ് ശബരിമല മോഷണ കേസ് ഇത്രയും മുന്നോട്ട് പോയത്. പുറത്താക്കണമെന്ന് പറയുന്നവരെ എംവി ഗോവിന്ദൻ പുശ്ചിക്കുകയാണ്. ഇന്നലെ തനിക്ക് പരാതി ലഭിച്ചിരുന്നുവെന്നും അതിൽ പേരും സ്ഥലവും തീയതിയും ഒന്നുമില്ലെന്നും ഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ടെന്നും ഇക്കാര്യം പരാതിക്കാരിയെ അറിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.