
കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങൾ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി. ബന്ധത്തിൻ്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടൻ്റെ അഭിഭാഷകൻ കോടതയിൽ വാദിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ചോദ്യം.
രണ്ടു വര്‍ഷത്തിനു ശേഷമാണ് യുവതി പരാതി നല്‍കിയതെന്നു വേടന്‍ കോടതിയിൽ പറഞ്ഞു. അതുവരെ പരാതിയില്ല. സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സറായതു കൊണ്ട് വേടൻ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പരാതിക്കാരിയും ആശങ്ക അറിയിച്ചു. ഞാനൊരു കലാകാരന്‍ മാത്രമാണ്. പരാതിക്കാരിയാണ് മാധ്യമങ്ങളിൽ നല്‍കുന്നതെന്നും വേടന്റെ അഭിഭാഷകനും വാദിച്ചു. വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നായിരുന്നു വേടൻ്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോൾ വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടൻ്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ നിയമ പ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നു അതിജീവിതയുടെ അഭിഭാഷകയോടു കോടതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാന്‍സും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും കോടതി പറഞ്ഞു. വേടനെതിരെ പൊലീസ് പുതിയ എഫ്ഐആർ ഇട്ട കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ കേസിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, വേടനെതിരെ പൊലീസ് വീണ്ടും ബലാത്സംഗക്കേസെടുത്തു. ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 294(b),354,354A(1), കേരള പൊലീസ് ആക്ട് 119(a) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത് എന്നിവയാണ് വേടനെതിരെയുള്ള കുറ്റങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
രണ്ടാഴ്ച മുന്‍പ് വേടനെതിരെയുള്ള പരാതിയുമായി രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. പിന്നാലെ ആ സംഭവങ്ങള്‍ നടന്ന അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുകയും ചെയ്തു. ഈ പരാതികളിലൊന്നിലാണ് വേടനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 21നാണ് എഫ്ഐആര്‍ ഇട്ടത്. കേസില്‍ അന്വേഷണം തുടരുകയാണ്.
സംഗീത ഗവേഷകയാണ് പരാതിക്കാരി. ഗവേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരി വേടനെ ബന്ധപ്പെട്ടുവെന്നും 2020 ഡിസംബര്‍ 20ന് കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച് ഈ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നുമാണ് കേസ്. അപമാനിക്കാന്‍ ശ്രമിച്ച സ്ഥലത്തു നിന്നും ഈ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരിപ്പോള്‍ കേരളത്തിന് പുറത്താണ് ഉള്ളത്. മൊഴി എടുക്കാനായി ഇവര്‍ക്ക് സൗകര്യപ്രദമായ തീയതിയോ സ്ഥലമോ അറിയിക്കണമെന്ന് സെന്‍ട്രല്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam