കഞ്ചാവ് കേസിൽ ജാമ്യം, ആയുധങ്ങൾ കൈവശം വെച്ചതിൽ തത്കാലം കേസില്ല; വേടൻ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ

Published : Apr 28, 2025, 10:01 PM ISTUpdated : Apr 28, 2025, 10:25 PM IST
കഞ്ചാവ് കേസിൽ ജാമ്യം, ആയുധങ്ങൾ കൈവശം വെച്ചതിൽ തത്കാലം കേസില്ല; വേടൻ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ

Synopsis

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെ, പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പിന് കൈമാറി പൊലീസ്

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ റാപ്പർ വേടനെ വനം വകുപ്പിന് കൈമാറി പൊലീസ്. ഇന്ന് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ കോടനാട്ടെ ഓഫീസിൽ വേടനെ പാർപ്പിക്കും. ഇതിനായി വേടനെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ നിന്നും കോടനാട്ടേക്ക് കൊണ്ടുപോയി. തന്നെ ആരും കുടുക്കിയതല്ലെന്നും കേസുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും വേടൻ പ്രതികരിച്ചു.

അതേസമയം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനെ ജാമ്യത്തിൽ വിട്ട പൊലീസ്, വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയ കേസിൽ തത്കാലം കേസെടുക്കില്ല. എന്നാൽ ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകൾ വേടനെതിരെ ചുമത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസിന് ആശയക്കുഴപ്പമുണ്ട്. തത്കാലം വേടനെ വനം വകുപ്പിന് കൈമാറാനുള്ള തീരുമാനം ഇതിന് പിന്നാലെയായിരുന്നു. വേടൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെ വിശദാംശങ്ങൾ അടക്കം ചേർത്ത് നാളെ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകും. പുലിപ്പല്ല് കോർത്ത മാല ഉപയോഗിച്ച സംഭവത്തിലാണ് വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികളെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. നാളെ രാവിലെ 11 മണിയോടെ ഇദ്ദേഹത്തെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.

ഇന്ന് രാവിലെയാണ് വേടൻ്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധനക്ക് എത്തിയത്. റാപ്പർ ടീമംഗങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്ന ഫ്ലാറ്റാണിത്. വേടനടക്കം ഒൻപത് പേർ ഇന്നലെ രാത്രിയിലെ പരിപാടിക്ക് ശേഷം ഫ്ലാറ്റിൽ മടങ്ങിയെത്തിയതായിരുന്നു. ആറ് ഗ്രാം കഞ്ചാവാണ് ഇവിടെ നിന്ന് പിടികൂടിയത്. പിന്നാലെ ഒൻപത് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഒൻപത് പേർക്കുമെതിരെ കേസെടുത്തു. എന്നാൽ പിന്നീട് വേടൻ്റെ പുലിപ്പല്ല് മാലയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളും സംബന്ധിച്ച് പൊലീസ് ചോദ്യങ്ങളുന്നയിച്ചു. എല്ലാം ആരാധകർ നൽകിയ സമ്മാനമെന്നായിരുന്നു വേടൻ്റെ മറുപടി. പുലിപ്പല്ല് മാല തമിഴ്‌നാട്ടിൽ നിന്നുള്ള ആരാധകനാണ് നൽകിയതെന്നും ഇദ്ദേഹത്തിന് മലേഷ്യയിൽ നിന്നുള്ള പ്രവാസിയാണ് പുലിപ്പല്ല് നൽകിയതെന്നുമാണ് വിവരം. വന്യജീവിയായ പുലിയുടെ പല്ല് കൈവശം വെക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. 

 

PREV
Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ
തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു