
പാലക്കാട്: പുലിപ്പല്ല് മാല, കഞ്ചാവ് കേസുകൾക്ക് പിന്നാലെ പാലക്കാട് എലപ്പുള്ളി ഫെസ്റ്റിൽ നടത്താനിരുന്ന റാപ്പർ വേടന്റെ മെഗാ ഇവന്റ് സംഘാടക സമിതി മാറ്റി. മെയ് ഒന്നിന് നടത്താൻ തീരുമാനിച്ച പരിപാടി മാറ്റിയെന്ന് സംഘാടക സമിതി ചെയർമാൻ എസ് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു. ഇതിന് പകരമായി സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് മെഗാ ഷോ സംഘടിപ്പിക്കാനാണ് തീരുമാനം. വേടൻറെ പരിപാടിക്കായി ഇതിനോടകം ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. ഈ ടിക്കറ്റ് എടുത്തവർക്ക് വേണ്ടിയാണ് ചലച്ചിത്ര താരങ്ങളെ പങ്കെടുപ്പിച്ച് മെഗാ ഷോ സംഘടിപ്പിക്കുന്നതെന്നും സംഘാടക സമിതി അറിയിച്ചു.
പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് വേടന് ജാമ്യം ലഭിച്ചില്ല. ഇതോടെ മാലയുടെ ഉറവിടം അന്വേഷിക്കാന്‍ വേടനെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. ജാമ്യത്തിലടക്കം അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വേടൻ്റെ പാലക്കാട്ടെ പരിപാടിയിൽ നിന്ന് സംഘാടകർ പിന്മാറിയത്.
വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉള്ളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയെന്ന കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുള്ള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍.
ചോദ്യം ചെയ്യലുമായി വേടന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഫ്രാന്‍സിലും യുകെയിലുമടക്കം ബിസിനസ് ബന്ധങ്ങളുളളയാളാണ് രഞ്ജിത് കുമ്പിടിയെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. പുലിപ്പല്ലിന്‍റെ ശാസ്ത്രീയ പരിശോധന നടന്നില്ലെന്ന വാദവും കോടതിയിൽ വേടൻ ഉയര്‍ത്തി. കഞ്ചാവ് ഉപയോഗം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു സമ്മതിച്ച അദ്ദേഹം നാളെ തൻ്റെ പുതിയ പാട്ട് റിലീസാകുമെന്നും എല്ലാവരും കേട്ട് അഭിപ്രായം പറയണമെന്നും പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam