
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ അപേക്ഷയിലെ കോടതി തീരുമാനത്തിന് ശേഷം മാത്രം നടപടിയെന്ന നിലപാടിൽ പൊലീസ്. വേടൻ ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫ് ആമെന്നും ആവർത്തിക്കുകയാണ് പൊലീസ്. വേടന്‍റെ മുൻകൂർ ജാമ്യ അപേക്ഷ അടുത്താഴ്ച കോടതി പരിഗണിക്കും. ഇതിന് ശേഷം മാത്രം മതി നടപടിയെന്നും, എടുത്ത് ചാടി നിലപാടെടുത്ത് പുലിവാൽ പിടിക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. പരാതിക്കാരിയായ യുവതിയുടെ മൊഴിയിൽ പറയുന്ന വേടന്റെ സുഹൃത്തുക്കളിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.
തങ്ങളുടെ ബന്ധത്തെക്കുറിച്ച് സുഹൃത്തുക്കൾക്ക് അറിയാമെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലടക്കം എത്തിച്ചാണ് പീഡിപ്പിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തി ഈ സ്ഥലങ്ങളിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വേടന്‍റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം വേടൻ രാജ്യം വിടാതിരിക്കാൻ ആണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു. വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞയാഴ്ച കൊച്ചി ബോൾഗാട്ടി പാലസിൽ വേടൻ പങ്കെടുക്കുന്ന ഓളം ലൈവ് എന്ന സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് വേടൻ എത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് കരുതിയിരുന്നത്. എന്നാൽ പരിപാടിക്ക് രണ്ട് ദിവസം മുമ്പ് സംഘാടകർ വേടന്‍റെ പ്രോഗ്രാം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് വേടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അതേസമയം വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് റിപ്പോർട്ട് തേടിയ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam