
പുതുപ്പള്ളി: ഒരു മണ്ഡലത്തിൽ അച്ഛനോടും മകനോടും ഒരു സ്ഥാനാർത്ഥി തന്നെ ഏറ്റുമുട്ടുന്നുവെന്ന കൗതുകമുണ്ട് ഇത്തവണ പുതുപ്പളളിയിൽ. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഇത് ആദ്യത്തേതല്ല, അപൂർവതയുമല്ല. അച്ഛനോടും മകനോടും തോറ്റവരുണ്ട്. അച്ഛനെയും മകനെയും തോൽപ്പിച്ചവരുണ്ട്. അച്ഛനോട് ജയിച്ച് മകനോട് തോറ്റവരുണ്ട്. അച്ഛനോട് തോൽക്കുകയും മകനോട് ജയിച്ചവരുമുണ്ട്. ഇങ്ങനെ ചരിത്രത്തിൽ നടന്ന അപൂർവമായ തെരഞ്ഞെടുപ്പ് കഥകൾ ഇവയാണ്.
ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനാണ് അച്ഛനോടും മകനോടും തോറ്റ ചരിത്രമുള്ളത്, സ്വന്തം ചവറയിൽ 2016-ൽ എൻ വിജയൻ പിളളയോട് തോറ്റ ഷിബു, 2021ൽ വിജയൻ പിളളയുടെ മകൻ സുജിത്തിനോടും കീഴടങ്ങി. പിറവത്ത് സിപിഎമ്മിന്‍റെ എംജെ ജേക്കബ്. ടിഎം ജേക്കബിനെ 2006 -ൽ തോൽപ്പിച്ച എംജെ ജേക്കബ് 2011 -ൽ തോറ്റു. 2012 -ൽ ഉപതരെഞ്ഞെടുപ്പിൽ ടിഎം ജേക്കബിന്‍റെ മകൻ അനൂബ് ജേക്കബിനോട് ജയിക്കാനായില്ല. 2016 -ലും അനൂപിനോട് തോറ്റു.
സിപിഎം നേതാവ് എം വിജയകുമാർ തിരുവനന്തപുരം നോർത്തിൽ ജി കാർത്തികേയനെ മലർത്തിയടിച്ചു. എന്നാൽ 2015 -ൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കാർത്തികേയന്‍റെ മകൻ ശബരീനാഥിനോട് തോറ്റുപോയി. അച്ഛനോടും മകനോടും തോൽക്കുന്ന റെക്കോർഡ് ജെയ്ക്കിന് ലഭിക്കുമെന്ന് കളിയാക്കിയ മുരളീധരനും അച്ഛൻ കരുണാകരനും ഒരാളോട് ഒരേ മണ്ഡലത്തിൽ അടുത്തടുത്ത തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. തൃശ്ശൂർ ലോക്സഭാ സീറ്റിൽ 96 -ലും 98 -ലും സിപിഐയുടെ വിവി രാഘവനോടായിരുന്നു ഇത്.
സിപിഎമ്മിലെ സിപി കുഞ്ഞിനെയും മകൻ മുസാഫർ അഹമ്മദിനെയും തോൽപ്പിച്ചിട്ടുണ്ട് എംകെ മുനീർ. കോഴിക്കോട് രണ്ടിലും പിന്നീട് പേര് മാറിയപ്പോൾ സൗത്തിലും. ഇടത് സ്വതന്ത്രനായി വന്ന സെബാസ്റ്റ്യൻ പോൾ 98 -ൽ എറണാകുളം ലോക്സഭാ സീറ്റിൽ ജോർജ് ഈഡനോട് തോറ്റു. ഈഡന്‍റെ മകൻ ഹൈബിയോട് 2011 -ൽ എറണാകുളം നിയമസഭാ സീറ്റിലും തോറ്റു.
Read more: ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രി പൊളിച്ചുമാറ്റി
ചിറ്റൂരിൽ അച്ഛനെയും മകനെയും തോൽപ്പിച്ചിട്ടുണ്ട് കെ കൃഷ്ണൻകുട്ടി. കെ അച്യുതനെയും മകൻ സുമേഷിനെയും. അച്യുതനോട് മൂന്ന് തവണ തോറ്റിട്ടുമുണ്ട്. ഇതിലേത് ലിസ്റ്റിലേക്കാവും ജെയ്ക്ക്? അച്ഛനോടും മകനോടും തോൽവിയോ അതോ അച്ഛനോട് തോറ്റതിന്‍റെ ക്ഷീണം തീർക്കുന്ന ജയമോ എന്നതാണ് ഇനി കാണാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam