സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനുള്ള നടപടികള്‍ ഇഴയുന്നു
കാസര്‍കോട്: ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രി പൊളിച്ച് മാറ്റി. സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനുള്ള നടപടികള്‍ ഇഴയുന്നു. റവന്യൂ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാനുള്ള നടപടി പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കോടികള്‍ മുടക്കി നിര്‍മ്മിച്ച ടാറ്റ കൊവിഡ് ആശുപത്രിയാണ് പൊളിച്ചത്. കണ്ടെയ്നറുകളിലെ ആശുപത്രി. ഈ കണ്ടെയ്നറുകളെല്ലാം ഇപ്പോള്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍. പലതും മേല്‍ക്കൂര നിലംപൊത്താറായ അവസ്ഥയില്‍. ഈ ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകളില്‍ ഇനി ആശുപത്രി തുടരാനാവില്ല.
കൊവിഡ് രോഗികള്‍ ഇല്ലാതായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പതിയെ നില്‍ക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ സ്ഥലം മാറ്റി. വെന്‍റിലേറ്ററുകളും ലാബ് ഉപകരണങ്ങളുമെല്ലാം മറ്റ് ആശുപത്രികളിലേക്ക്. സ്ഥിരം കെട്ടിടം നിര്‍മ്മിച്ച് സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഭൂമി റവന്യൂ വകുപ്പിന്‍റെ കൈവശമാണ്. അത് ആരോഗ്യ വകുപ്പിന് കൈമാറിയാലേ നിര്‍മ്മാണം നടക്കൂ.
കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാനാണ് തീരുമാനം. 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ടാറ്റാ കൊവിഡ് ആശുപത്രിക്ക് പറഞ്ഞിരുന്ന ആയുസ് 30 വര്‍ഷം. മൂന്ന് വര്‍ഷം പോലും തികയ്ക്കുന്നതിന് മുമ്പേ കണ്ടെയ്നറുകള്‍ തകര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ പകരം ആശുപത്രി എന്നു തുടങ്ങുമെന്ന് ഉറപ്പ് പറയാന്‍ ആര്‍ക്കുമാകുന്നില്ല.
Read more: ഈ അമ്മ കാത്തിരുന്നത് ഒന്നും രണ്ടുമല്ല 25 വർഷം, തേടിയെത്തിയ ഒരു ഫോൺ കോളിൽ കാത്തിരുന്ന സന്തോഷവാർത്ത
അങ്കമാലി താലൂക്ക് ആശുപത്രി: നഴ്‌സിനെതിരെ നടപടി
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
