
തിരുവനന്തപുരം: മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ പ്രവചനം നടത്തി ശ്രദ്ധേയനായ റാഷിദ് സി പിയുടെ കണക്കുകൂട്ടലുകൾ ഇത്തവണയും പിഴച്ചില്ല. യുഡിഎഫ് 91 മുതൽ 102 സീറ്റ് വരെ നേടുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ റാഷിദ് സിപി ഫേസ്ബുക്കിൽ പങ്കുവെച്ച പ്രവചനം ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുകയാണ്. യുഡിഎഫ് 91 മുതൽ 102 സീറ്റുകള്‍ വരെ നേടുമെന്ന് കൃത്യമായി പ്രവചിച്ച റാഷിദ് സിപിക്ക് നിരവധി പേരാണ് ഇപ്പോള്‍ അഭിനന്ദനം അറിയിക്കുന്നത്.
യു ഡി എഫ് 91 - 102 ( 41.5 % - 45. % )
എൽ ഡി എഫ് 38 - 48 ( 36.5% - 39.5 % )
എൻ ഡി എ 1 - 3 ( 14 % - 17 % ) എന്നിങ്ങനെയാണ് ഇദ്ദേഹം പ്രവചിച്ച കണക്കുകള്‍.
2001-നു ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്റെ പരിപൂർണ്ണമായ റിവേഴ്‌സ് സ്വീപ് ഇത്തവണ നടന്നതായി അദ്ദേഹം പറയുന്നു. സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി. രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണമായാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചെങ്കിലും ഇടതുമുന്നണി ഇത്രയും കടുത്ത തോൽവിയേറ്റുവാങ്ങുമെന്ന് ഒരു എക്സിറ്റ് പോളുകളും പറഞ്ഞിരുന്നില്ല. 60ലേറെ സീറ്റുകൾ മിക്ക എക്സിറ്റ് പോളുകളും എല്‍ഡിഎഫിന് ലഭിക്കുമെന്ന് പ്രവചിച്ചു. ഒരുപടി കൂടെ കടന്ന് ടുഡേയ്സ് ചാണക്യ എല്‍ഡിഎഫ് തുടര്‍ ഭരണം ഉണ്ടായേക്കുമെന്നും പറഞ്ഞിരുന്നു. ആക്‌സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിച്ചതെങ്കിൽ പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍ പ്രവചിച്ചു. സിഎന്‍എന്‍ വോട്ട് വൈബ് 70-80, പീപ്പിള്‍ പള്‍സ് 75-85, ടൈംസ് നൗ ജെവിസി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് മറ്റ് ഏജന്‍സികള്‍ യൂഡിഎഫ് ഭരണത്തിന് സാധ്യത കല്‍പ്പിച്ചത്. എന്നാല്‍ ഇതിലൊന്നും അടിത്തട്ടിൽ യുഡിഎഫ് അനുകൂല തരംഗം ആഞ്ഞടിക്കുന്നുണ്ട് എന്ന സൂചനകൾ നൽകുന്നതായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam