
തൃശ്ശൂര്‍: തൃശ്ശൂര്‍ അങ്കമാലി ദേശീയ പാതയിലെ നിർമാണ ചിലവ് തിരിച്ച് കിട്ടിയതിനാൽ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് കുറയ്ക്കണം എന്നാവശ്യം. 720 കോടി രൂപ ചെലവിട്ട കമ്പനി 800 കോടിയിലേറെ പിരിച്ചെടുത്തു കഴിഞ്ഞു. ഇതിനാൽ ടോൾ നിരക്കിൽ 17 രൂപ വരെ കുറയണം എന്നാണ് ആവശ്യം. നിലവിൽ തൃശ്ശൂര്‍ മുതൽ ഇടപ്പള്ളി വരെ 75 രൂപയാണ് ടോൾ നിരക്ക്. ദേശീയപാതയിൽ അങ്കമാലി മുതൽ ഇടപ്പള്ളി വരെ ദേശീയപാത അതോറിറ്റി പൊതുഖജനാവിൽ നിന്ന് പണം മുടക്കിയാണ് നിർമ്മിച്ചത്.
ഈ പ്രദേശത്ത് അറ്റകുറ്റപ്പണി നടത്താനുള്ള അനുമതി മാത്രമാണ് കരാർ കമ്പനിക്ക് ഉള്ളത്. പൊതു ഖജനാവിൽ നിന്ന് പണം ഉപയോഗിക്കുന്ന അവസരങ്ങളിൽ ചെലവായ പണം തിരിച്ചു പിടിച്ചു കഴിഞ്ഞാൽ ടോൾ നിരക്ക് 40 ശതമാനം വരെ കുറയ്ക്കാമെന്ന് ചട്ടമുണ്ട്. ഇതുപ്രകാരം നിരക്ക് കുറയ്ക്കണം എന്നാണ് ഡിസിസി വൈസ് പ്രസിഡന്‍റും അഭിഭാഷകനുമായ ജോസഫ് ടാജെറ്റ് പറയുന്നത്. വിവരാവകാശ രേഖകൾ അടിസ്ഥാനമാക്കിയാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്കും ദേശീയപാത അതോറിട്ടിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഉചിതമായ നടപടി ഇല്ലെങ്കിൽ കോടതിയിൽ പോകാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam