
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെയുള്ള വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. കേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. മുൻപ് ഇത്തരത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയുടെ നിയമനം കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് മന്ത്രിസഭ യോഗത്തിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ അടിയന്തര സാഹചര്യത്തിൽ എടുത്ത ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും പൂർണ്ണമായ ഉദ്യോഗസ്ഥ നിയമനങ്ങൾ ആയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലും കേൽക്കറുടെ നിയമനത്തെ വി ഡി സതീശൻ ന്യായീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തിയാൽ അതോടെ സി ഇ ഒയുടെ ജോലി തീരുകയാണെന്നും അത് കഴിഞ്ഞാൽ പിറ്റേ ദിവസം അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കണമെന്നാണോ വിവാദം ഉണ്ടാക്കുന്നവർ പറയുന്നതെന്നും സതീശൻ ചോദിച്ചു. നളിനി നെറ്റോയെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ നിയമിച്ചിട്ടില്ലേ എന്നും സതീശൻ ആരാഞ്ഞു.
ബംഗാളിലെ സാഹചര്യമല്ല കേരളത്തിലുള്ളതെന്നും യു ഡി എഫിന് 102 സീറ്റ് വാങ്ങിത്തന്നത് കേൽക്കറാണെന്ന് പറയുന്നത് എന്തൊരു തമാശയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ബംഗാളിൽ തെരഞ്ഞെടുപ്പ് സി ഇ ഒക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വ്യക്തിപരമല്ലാതെ വിമർശനം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ കോൺഗ്രസും സി പി എമ്മും തൃണമൂൽ കോൺഗ്രസുമടക്കം പരാതികൾ ഉന്നയിച്ചിരുന്നു. എസ് ഐ ആറിലൂടെ നിരവധി പേരെ വോട്ടർ പട്ടികയൽ നിന്ന് ബംഗാളിലെ സി ഇ ഒ പുറത്താക്കിയെന്ന ഗുരുതരമായ ആരോപണമുണ്ടായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ബി ജെ പിക്കോ സി പി എമ്മിനോ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് പരാതിയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനായ കേൽക്കർ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും പല സുപ്രധാന പദവികളും വഹിച്ചിട്ടുള്ളയാളാണ്. മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം മന്ത്രിസഭാ യോഗം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ചീഫ് വിപ്പായി അപു ജോൺ ജോസഫിനെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലായി കെ സി വിൻസെന്റിനെയും നിയമിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam