തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിൽ വായ്പ നിയന്ത്രണവുമായി ആർബിഐ, ക്രമക്കേട് കണ്ടെത്തിയെന്ന് വിശദീകരണം

By Web TeamFirst Published Jul 29, 2022, 6:41 AM IST
Highlights

ബാങ്കിലെ ജീവനക്കാരുടെ ബന്ധുക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, മൂന്ന് സ്ത്രീകളടങ്ങുന്ന ഗ്രൂപ്പിന് 50000 രൂപ വീതം വായ്പ തുടങ്ങിയ പദ്ധതികളിലാണ് റിസർവ് ബാങ്ക് ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ വായ്പ കുടിശിക വർധിച്ചതാണ് റിസർവ് ബാങ്ക് ഇടപെടലിന് കാരണമെന്നാണ് ഭരണസമിതി വിശദീകരണം

പത്തനംതിട്ട : തിരുവല്ല(thiruvalla) ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിൽ(east co operative bank) വായ്പ നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്(reserve bank). ആർ ബി ഐയുടെ പരിശോധനയിൽ ബാങ്ക് പ്രവ‍ർത്തനത്തിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം. റിസർബാങ്കിന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബാങ്ക് ഭരണസമിതി.

 

അൻപത്തിയൊമ്പതിനായിരത്തിലേറെ സഹകാരികൾ, 18 ശാഖകൾ, 215 കോടി രൂപയുടെ നിക്ഷേപം. സംസ്ഥാനത്തെ തന്നെ വലിയ അർബൻ സഹകരണ ബാങ്കുകളിലൊന്നാണ് തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക്. റിസർവ് ബാങ്കിന്‍റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ കഴിഞ്ഞ ഏപ്രിലിലാണ് ആർ ബി ഐ പരിശോധന നടത്തിയത്. വായ്പകൾ സംബന്ധിച്ച് സഹകാരികളിൽ ചിലർ നൽകിയ ചില പരാതികളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബാങ്ക് ആസ്ഥാനത്തും ശാഖകളിലും നടത്തിയ ഈ പരിശോധനയുടെ റിപ്പോർട്ട് പ്രകാരമാണ് ഈ മാസം 22 ന് ആർ ബി ഐ സ്വർണ പണയ വായ്പകളിലടക്കം നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയത്. ബാങ്കിലെ ജീവനക്കാരുടെ ബന്ധുക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, മൂന്ന് സ്ത്രീകളടങ്ങുന്ന ഗ്രൂപ്പിന് 50000 രൂപ വീതം വായ്പ തുടങ്ങിയ പദ്ധതികളിലാണ് റിസർവ് ബാങ്ക് ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ വായ്പ കുടിശിക വർധിച്ചതാണ് റിസർവ് ബാങ്ക് ഇടപെടലിന് കാരണമെന്നാണ് ഭരണസമിതി വിശദീകരണം

നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ആർ ബി ഐ ബാങ്കിന്‍റെ ഭാഗം കേട്ടില്ലെന്നും ഭരണ സമിതിക്ക് ആക്ഷേപമുണ്ട്. പരിശോധന സമയത്ത് ആർ ബി ഐ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ ന്യൂനതകളെല്ലാം പരിഹരിച്ചതാണെന്നും ചെയർമാൻ പറഞ്ഞു. നാല് പതിറ്റാണ്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചത്. ഏഴ് മാസം മുമ്പാണ് എൽ ഡി എഫ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. മുൻ ഭരണസമിതിയുടെ കാലത്ത് കൊടുത്ത വായ്പകളുടെ തിരിച്ചടവാണ് മുടങ്ങി കിടക്കുന്നത്

click me!