
കോഴിക്കോട്: സ്കൂൾ കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്.
അതേസമയം കലാമേളായിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പഴയിടം ചൂണ്ടിക്കാട്ടി. ബുധനാഴ്ച കോഴിക്കോട്ടെ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയത് 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാൽ 20,000-ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. തീർന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിൻ്റെ ഗുണം. എത്രസമയം വരെ നോണ് വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ എനിക്ക് കൃത്യമായ ധാരണയുണ്ട്. കായികമേളയിൽ നമ്മുടെ ടീം തന്നെ നോണ് വെജ് വിളമ്പുന്നുണ്ട്. എന്നാൽ കായികമേളയിൽ പത്ത് ശതമാനം പേർക്ക് മാത്രം വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയാൽ മതിയാവും. എന്നാൽ കലോത്സവത്തിൽ അതിലേറെ പേർക്ക് വെജിറ്റേറിയൻസ് ആയിരിക്കും.
കലോത്സവത്തിൽ താൻ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്ന് പഴയിടം പറഞ്ഞു. അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലെന്നും താൻ അങ്ങനെ ഒരാളല്ലെന്നും പഴയിടം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam