
തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. കേരളാ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. സ്വർണത്തിൻ്റെ കാലപഴക്കം നിർണയിക്കുന്നതിനുള്ള എഫ് എസ് എൽ റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ മറ്റൊരു കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. സ്വർണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. കേസുകളുടെ എഫ്ഐആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ളവയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇവ നൽകാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.മോഹിത് ഉത്തരവിടുകയായിരുന്നു.
ശബരിമല സ്വർണ്ണകൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പത്താം പ്രതിയാണ് ഗോവർദ്ധൻ. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുൻപ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വർണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡിഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലക്ക് സംഭാവന നൽകി. ആകെ ഒന്നരക്കോടിയിൽ അധികം രൂപ ശബരിമലയിലേക്ക് നൽകിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയും തുക സംഭാവന നൽകില്ലായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു.
ബെല്ലാരിയിലെ തന്റെ സ്വർണക്കടയിൽ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണക്കട്ടികൾ കസ്റ്റഡിയിലെടുത്തതെന്നും ഈ സ്വർണത്തിന് ശബരിമല സ്വർണ്ണവുമായി ബന്ധമില്ലെന്നും ഹർജിയിൽ പറയുന്നു. ശബരിമലയിലെ സ്വർണമാണെന്ന് അറിഞ്ഞു കൊണ്ടാണ് ഗോവർദ്ധൻ സ്വർണ്ണം കൈക്കലാക്കിയതെന്നും ഈ സ്വർണമാർക്ക് മറച്ചു വിറ്റുവെന്നത് അന്വേഷിക്കുകയാണെന്നുമാണ് എസ്ഐടി സംഭത്തിന്റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam