'വായ് മൂടിക്കെട്ടാമെന്ന് കരുതേണ്ട, പൊലീസിന്‍റെ അടികൊണ്ടവര്‍ മാത്രമല്ല ശബരിമല പ്രക്ഷോഭക്കാര്‍': കെ പി ശശികലക്കെതിരെ പത്മ പിള്ള

By Web TeamFirst Published May 11, 2019, 7:29 AM IST
Highlights

സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവൽക്കരിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പൊലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ മാത്രമേ ടീച്ചർ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ? 

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നു എന്നാരോപിച്ച്  റെഡി റ്റു വെയിറ്റ് ക്യാംപയിനുകാരും ആര്‍എസ്എസിലെ ഒരു വിഭാഗവും തമ്മില്‍ നടക്കുന്ന പോര് രൂക്ഷമാകുന്നു.  തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആര്‍എസ്എസിലെ ഒരു വിഭാഗം ശബരിമലയിലെ സ്ത്രീപ്രവേശന നിലപാടില്‍ നിന്നും പിന്നോട്ട് പോകുന്നു എന്ന ആരോപണത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ആചാര സംരക്ഷണ സമതി നേതാവുമായ കെപി ശശികല വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. റെഡി റ്റു വെയിറ്റ് ക്യാംപയിനുമായി ആചാര സംരക്ഷണ സമതിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ശശികല ശബരിമല പ്രക്ഷോഭത്തില്‍ റെഡിറ്റു വെയിറ്റ് ഞങ്ങള്‍ക്കൊപ്പമല്ലെന്ന് തുറന്നടിച്ചു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെപി ശശികല റെഡി റ്റു വെയിറ്റ് ക്യാംപയിനെയും സംഘപരിവാറിനെതിരായ വിമര്‍ശനങ്ങളെയും തള്ളിപ്പറഞ്ഞത്. ഇതോടെ ശശികലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റെഡി റ്റു വെയിറ്റ് ക്യാംപയിന് നേതൃത്വം നല്‍കിയ പത്മ പിള്ള രംഗത്തു വന്നു. ശബരിമല പ്രക്ഷോഭത്തിൽ  റെഡിറ്റു വെയിറ്റ്  പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും കെപി ശശികലയ്ക്കില്ല. ഞാനുൾപ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയിൽ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ നടത്തിയതെന്ന് പത്മ പിള്ള തുറന്നടിച്ചു.

എന്‍എസ്എസ്, എ എച്ച് പി മുതൽ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവൽക്കരിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പൊലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ മാത്രമേ ടീച്ചർ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ? ശബരിമല യുവതിപ്രവേശനത്തിനു വേണ്ടി തങ്ങളാൽ ആവതു ചെയ്ത - ചർച്ചകളിലൂടെയും, കോടതി വ്യവഹാരത്തിലൂടെയും, കർമ്മ സമിതിക്കുൾപ്പെടെയുള്ള സാമ്പത്തിക സംഭാവനയായും, ടീവിക്കു മുന്പിൽ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാർത്ഥിച്ച വകയിലും - പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അഭിപ്രായം പറയാൻ പോലും അർഹതയില്ലാത്ത വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല- പത്മ പിള്ള തുറന്നടിച്ചു.

നേരത്തെ ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്‍റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള കുറ്റപ്പെടുത്തിയിരുന്നു. ശബരിമല ഒരു വോട്ട് ബാങ്ക്  രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നും പറഞ്ഞു- ഇതോടെഒരു വിഭാഗം ആര്‍എസ്എസ് അനുകൂലികളും ആചാര സംരക്ഷണ സമിതിയിലെ ഒരു വിവാഭവും തമ്മില്‍ സാമൂഹ്യമാധ്യമങ്ങളിലും വലിയ പോര് തുടങ്ങി.

ആര്‍എസിഎസ് ബൗദ്ധിക് പ്രമുഖ് ആയ ആര്‍. ഹരി അടക്കം ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാടാണെടുക്കുന്നതെന്നും ഇതിന് പിന്നിലെ ലക്ഷ്യങ്ങള്‍ വിശ്വാസികള്‍ക്ക് എതിരാണെന്നും ആരോപിച്ചായിരുന്നു ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയത്.  ഇവര്‍ക്കെതിരെ മറുപടിയുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ തന്നെ രംഗത്തെത്തിയതോടെ ശബരിമല ആചാര സംരക്ഷണ സമിതിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. 

കെപി ശശികലയ്ക്ക് മറുപടിയായി പത്മ പിള്ള ഫേസ്ബുക്കിലിട്ട പോസ്റ്റിന്‍റെ പൂര്‍ണരൂപം

1. ശബരിമല പ്രക്ഷോഭത്തിൽ Ready to Wait (RTW) പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ടീച്ചർക്കില്ല. അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ (solely) അവർ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണ്, രാഷ്ട്രീയമാണ്. NSS, AHP മുതൽ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവൽക്കരിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ മാത്രമേ ടീച്ചർ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ?

അങ്ങനെയെങ്കിൽ യുവതീ പ്രവേശനത്തെ ആദ്യം മുതൽക്കെതിർത്ത 50 വയസ്സിൽ താഴെയുള്ള കേരളത്തിലെ ഒരു വിശ്വാസി ഹിന്ദു സ്ത്രീക്കും ശബരിമല പ്രക്ഷോഭവുമായി ബന്ധമില്ല എന്ന് പറയേണ്ടി വരും.. അവരാരും സന്നിധാനത്ത് വന്നു അറസ്റ്റ് വരിക്കുകയോ കേസിൽ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ!!

2. എന്നെ പ്രക്ഷോഭങ്ങളിൽ എങ്ങും കണ്ടില്ല എന്ന് ടീച്ചർ പറഞ്ഞല്ലോ. വീണ്ടും പ്രക്ഷോഭം എന്നാൽ കായിക പ്രക്ഷോഭം മാത്രം എന്ന കാഴ്ചപ്പാട് ആണതിൽ പൊന്തി നിൽക്കുന്നത്. എന്തായാലും എന്നെ കൊണ്ട് സാധിക്കുന്ന തരത്തിൽ ഒക്കെ ഇവിടെ നടന്ന വലിയ വിശ്വാസ സംരക്ഷണ മുന്നേറ്റത്തിൽ ഞാനും പങ്കു ചേർന്നിട്ടുണ്ട്. കാണേണ്ടെന്ന് തീരുമാനിച്ചവർക്കല്ലാത്ത എല്ലാവരും അത് കണ്ടിട്ടുമുണ്ടാവണം. ഇനി ആരും കണ്ടില്ലെങ്കിലും സാരമില്ല. അയ്യപ്പൻ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്. അങ്ങനെ കാണപ്പെടാൻ വേണ്ടിയല്ലാതെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ലക്ഷങ്ങൾക്ക് ആർക്കും അപ്പോൾ അഭിപ്രായം പറയാൻ പോലും അർഹതയില്ല എന്നാണോ ടീച്ചർ പറഞ്ഞു വെയ്ക്കുന്നത്?

3. Feel Exploited എന്ന് വെച്ചാൽ പല രീതിയിൽ ഉണ്ടല്ലോ. ഞാനുൾപ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയിൽ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും എലെക്ഷൻ പ്രചാരണവുമൊക്കെ നടത്തിയതെന്നിരിക്കെ, നിങ്ങൾ agitation ലേക്ക് ക്ഷണിച്ചവർക്കു മാത്രമേ അതിനെക്കുറിച്ചു പറയാൻ പാടുള്ളൂ എന്ന് ഒരു നിയമം ഉണ്ടെന്നറിഞ്ഞില്ല.

4. ഞാൻ കർമ്മസമിതിയുടെയോ, ടീച്ചർ ഇപ്പറഞ്ഞ ഹിന്ദു സംഘടനകളുടെയോ അംഗം അല്ല. എനിക്ക് ആ സംഘടനകളോട് എന്തെങ്കിലും പരാതിയുണ്ടെങ്കിലല്ലേ അവരെ വിളിക്കേണ്ടൂ. R ഹരിയെയുംയും, അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങൾ ആവർത്തിക്കുന്ന ഒരുപറ്റം വ്യക്തികളെയും, ആചാരമെന്തായാലും മാറ്റണം അതിനുള്ള മാർഗ്ഗം മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്നവരെയും പറ്റിയുള്ള എന്റെ എതിർപ്പുകൾ കർമ്മസമിതിയോടു പറയേണ്ട കാര്യമെന്ത്? അവരെ മാത്രമാണ് ഞാൻ പറഞ്ഞത് എന്നാവർത്തിച്ചു വിശദീകരിച്ചു കഴിഞ്ഞു.

(വ്യക്തികളുടെ opinion RSS ന്റേതാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല, പക്ഷെ RSS നുള്ളിലെ വ്യക്തികളെ വിമർശിക്കുന്നവരുമായി "ഒത്തുതീർപ്പു" വേണ്ട എന്ന് RV ബാബു പറഞ്ഞിട്ടുണ്ട്. ആ വൈരുധ്യം ടീച്ചർക്ക് മനസിലായോ ആവോ)

5. ഈ ഇന്റർവ്യൂവിൽ ഏറ്റവും ദുഷിച്ച, എനിക്കേറ്റവും എതിർപ്പുള്ള ഭാഗം CP സുഗതൻ മതിലുപണി വഴി പിണറായി വിജയനെയുനെ സിപിഎം നെയും ഒക്കെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്നു എന്ന് പറയുക വഴി അവർ RTW നെയോ എന്നെയോ കൂടെ വ്യംഗ്യമായി അതെ പദ്ധതിയിൽ കൂട്ടിക്കെട്ടുകയാണ്. ഒരല്പം വിമർശനം വരുമ്പോൾ മുഴുവൻ കാര്യങ്ങൾ മനസിലാക്കാതെ ഉടനെ അജണ്ടയും ചാരപ്പണി ആരോപണവും ഒക്കെ പടച്ചു വിടുന്ന കുറെ ഓൺലൈൻ പോർട്ടലുകളുടെ നിലവാരമേയുള്ളൂ അത്തരം ജല്പനങ്ങൾക്കു.

ഞാൻ ഒരു സംഘടനയുടെയും ഭാഗമല്ല. കേരളത്തിലെ വിശ്വാസി ഹിന്ദു സ്ത്രീകൾ യുവതീ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്നും, അതിനാൽ ആചാര പരിഷ്കരണം ആവശ്യമില്ലെന്നും സംഘടിത രൂപത്തിൽ ആദ്യമായി പ്രഖ്യാപിച്ച RTW എന്ന കൂട്ടായ്മയിലെ ഒരംഗം മാത്രമാണ്. RTW എന്ത് ചെയ്‌തെന്ന് വിശ്വാസ സമൂഹം വിലയിരുത്തട്ടെ. എന്നാൽ ശബരിമല യുവതിപ്രവേശനത്തിനു വേണ്ടി തങ്ങളാൽ ആവതു ചെയ്ത - ചർച്ചകളിലൂടെയും, കോടതി വ്യവഹാരത്തിലൂടെയും, കർമ്മ സമിതിക്കുൾപ്പെടെയുള്ള സാമ്പത്തിക സംഭാവനയായും, ടീവിക്കു മുന്പിൽ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാർത്ഥിച്ച വകയിലും - പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അഭിപ്രായം പറയാൻ പോലും അർഹതയില്ലാത്ത വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല.

അടികൊള്ളുകയും കേസ് വരിക്കുകയും ചെയ്ത പാർട്ടിഭേദമന്യേ എല്ലാവരോടുമുള്ള തികഞ്ഞ കൃതജ്ഞത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷെ ആ നന്ദിയെ ഒരു കൂച്ചുവിലങ്ങായോ വായ്മൂടിക്കെട്ടാനുള്ള കാരണമായോ ഉപയോഗിക്കാൻ ആരെയും സമ്മതിക്കില്ല.

Read Also: ആർഎസ്എസിലെ ഒരു വിഭാഗവും ആചാര സംരക്ഷകരും തമ്മിലടി; സംഘപരിവാറിലെ പോര് മറനീക്കി പുറത്തേക്ക്

click me!