Asianet News MalayalamAsianet News Malayalam

ആർഎസ്എസിലെ ഒരു വിഭാഗവും ആചാര സംരക്ഷകരും തമ്മിലടി; സംഘപരിവാറിലെ പോര് മറനീക്കി പുറത്തേക്ക്

പത്തനംതിട്ടയിലെ ചെറുവള്ളി എസ്റ്റേറ്റിൽ സുവിശേഷ പ്രസംഗികനായ കെപി യോഹന്നാൻ കൈയ്യടക്കിയ ഭൂമിയില്‍ വിമാനത്താവളം പണിയുന്നതിനോട്‌ അനുബന്ധിച്ചാണ് ശബരിമലയിലെ ആചാര ലംഘനം നടക്കുന്നതെന്നാണ് ആചാര സംരക്ഷണം വേണമെന്ന് വാദിക്കുന്നവരുടെ ആരോപണം

RSS V Ready to wait rift in sabarimala issue - In Depth Story
Author
Kerala, First Published May 8, 2019, 10:08 AM IST

ബരിമല ആചാര സംരക്ഷക സമിതിയിലെ ഭിന്നത വെളിവാക്കി പരസ്യമായ സോഷ്യല്‍ മീഡിയയില്‍ റെഡി റ്റു വെയിറ്റ് ക്യാംപയിനുകാരും ആര്‍എസ്എസിലെ ഒരു വിഭാഗവും തമ്മില്‍ പോര്. രണ്ട് ദിവസമായി ഇരുകൂട്ടരും തമ്മിലുള്ള അസ്വരസ്യങ്ങളാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം മുതലാണ് പരസ്യമായ വാഗ്വാദങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ആര്‍എസ്എസിലെ ഒരു വിഭാഗം ശബരിമലയില്‍ ആചാര മാറ്റങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നവരാണ് എന്നും, ശബരിമല തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവ് നയം മാത്രമാണെന്നുമാണ് റെഡി ടു വെയിറ്റും, ഇവര്‍ക്ക് പിന്തുണ നല്‍കുന്ന ആചാര സംരക്ഷണ സമിതിയിലെ വിഭാഗവും ആരോപിക്കുന്നത്. 

എന്താണ് വിഷയം

ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായ തീരുമാനം ആദ്യം എടുത്ത ആര്‍എസ്എസ്, പിന്നീട് യുവതി പ്രവേശനം അനുവധിച്ചുള്ള സുപ്രീംകോടതി വിധിവന്നതിന് ശേഷം ഇതില്‍ നിന്നും പിന്നോക്കം പോയി വിശ്വാസികള്‍ക്ക് ഒപ്പം എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശബരിമല ആചാര സംരക്ഷണം ആവശ്യമാണെന്ന നിലപാടായിരുന്നു റെഡി ടു വെയിറ്റ് അടക്കമുള്ള വിഭാഗത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ആര്‍എസ്എസ് വിഷയത്തില്‍ കാര്യമായി ഇടപെട്ടതോടെ ശബരിമല കര്‍മ്മ സമിതി അടക്കമുള്ള സംഘടനകള്‍ രൂപം കൊള്ളുകയും ശബരിമല സമരങ്ങള്‍ക്ക് ഒരു ഏകീകൃത സ്വഭാവം വരുകയും ചെയ്തു. എന്നാല്‍ ആര്‍എസിഎസിലെ ബൗദ്ധിക് പ്രമുഖ് ആയ ആര്‍. ഹരി അടക്കം ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായ പഴയ നിലപാട് തന്നെയാണ് തുടര്‍ന്നത്.

പക്ഷെ രാഷ്ട്രീയപരമായ ആനുകൂല്യം കൂടി കണ്ട് ബിജെപിയെയും, ശബരിമല കര്‍മ്മ സമിതിയും മുന്‍നിര്‍ത്തി ആചാര സംരക്ഷണം എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ആര്‍എസ്എസ് ശബരിമല വിഷയത്തെ സമീപിച്ചത്. ഇതിനൊപ്പം നില്‍ക്കുകയാണ് റെഡി ടു വെയിറ്റും മറ്റ് ആചാര സംരക്ഷകരും ചെയ്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആര്‍എസ്എസിലെ ഒരു വിഭാഗം ഈ നിലപാടില്‍ നിന്നും പിന്നോട്ട് പോകുന്നു എന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ആര്‍ ഹരിയുടെ ശബരിമല  നിലപാടുകള്‍ മുന്‍നിര്‍ത്തി മാറ്റങ്ങള്‍ വേണം എന്ന് ആര്‍എസിഎസിലെ ഒരു വിഭാഗം ആചാര സംരക്ഷക സമിതിയില്‍പ്പെട്ട ആളുകള്‍  ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതോടെയാണ് സംഭവം രൂക്ഷമാകുന്നത്.

ഇതോടെ ആചാരസംരക്ഷക സമിതി പ്രവര്‍ത്തകരില്‍ ഒരാളായ ശങ്കു ടി ദാസ് നേരിട്ട് ആര്‍.ഹരിയെ വിമര്‍ശിച്ച് മെയ് 4ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതോടെയാണ് ശബരിമലയെച്ചൊല്ലി ഇരുകൂട്ടരും തമ്മിലുള്ള  ഭിന്നത മറനീക്കി പുറത്ത് എത്തിയത്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് നിലപാടില്‍ സംശയമില്ലെന്ന് പറയുന്ന ശങ്കു, ആര്‍. ഹരിക്കും അയാളെ അനുകൂലിക്കുന്നവര്‍ക്കും എതിരെ വലിയ ആരോപണമാണ് നടത്തിയത്.

സുവിശേഷ പ്രാസംഗികനായ കെപി യോഹന്നാൻ പത്തനംതിട്ടയിലെ ചെറുവള്ളി എസ്റ്റേറ്റിൽ കൈയ്യടക്കിയ ഭൂമിയില്‍ വിമാനത്താവളം പണിയുന്നതിനോട്‌ അനുബന്ധിച്ചാണ്‌ ശബരിമലയിൽ ആചാര ലംഘനം നടത്തുന്നതെന്ന ഗുരുതര ആരോപണമാണ് ആചാര സംരക്ഷക അനുകൂലികള്‍ ഉന്നയിക്കുന്നത്. സർക്കാർ ഭൂമി കയ്യേറിയും വ്യാജരേഖ ചമച്ചുമാണ് യോഹന്നാന്‍റെ ഗോസ്പൽ ഫോർ ഏഷ്യ എന്ന സുവിശേഷ സംഘടന ചെറുവള്ളി എസ്റ്റേറ്റ് കൈവശപ്പെടുത്തിയത് എന്നതില്‍ കേസ് നടക്കുന്നുണ്ട്. 

ഈ കേസില്‍ കെപി യോഹന്നാന് വേണ്ടി  കേരളാ ഹൈകോടതിയില്‍ ഹാജരാകുന്നത്  ആർ. ഹരിയുടെ സഹോദരന്‍  ആർ.ഡി. ഷേണായ് ആണ്. ഇദ്ദേഹം ആര്‍എസ്എസിന്‍റെ  നിയമ മേഖലയിലെ സംഘടനയായ അഭിഭാഷക പരിഷത്തിന്‍റെ മുതിർന്ന അംഗവും, കേസരിയിൽ ലേഖനങ്ങളൊക്കെ എഴുതുന്ന ആളാണ്‌. അതിനാല്‍ തന്നെ ശബരിമലയില്‍ ആചാരം നശിപ്പിക്കാന്‍ ആര്‍എസ്എസിലെ ഒരു ''യോഹന്നാന്‍ വിഭാഗം' ശ്രമിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. 

ഇതോടെ ആര്‍എസ്എസിലെ ഒരു വിഭാഗം പ്രകോപിതരായി ഇവര്‍ റെഡി ടു വെയിറ്റ്, ആചാര സംരക്ഷണ വിഭാഗത്തിന് എതിരെ സൈബര്‍ ആക്രമണം ആരംഭിച്ചതോടെയാണ് കാര്യം കൈവിട്ട് പോയത്. ശങ്കു ടി ദാസിന്‍റെ പോസ്റ്റിന് റെഡി ടു വെയിറ്റ് നേതാവ് പത്മപിള്ള നടത്തിയ കമന്‍റ് ഏറെ ചര്‍ച്ചയായി.

ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്‍റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള അഭിപ്രായപ്പെടുന്നു. ശബരിമല ഒരു വോട്ട് ബാങ്ക്  രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നും പദ്മ പിള്ള പറയുന്നു.

തര്‍ക്കം ചൂട് പിടിക്കുന്നു

ഈ വിവാദം കത്തികയറിയതിന് പിന്നാലെ നിരവധി ആര്‍എസ്എസ് അനുകൂലികള്‍ ഫേസ്ബുക്കിലും മറ്റും റെഡി ടു വെയിറ്റ്, ആചാര സംരക്ഷണ വിഭാഗത്തിന് എതിരെ പോസ്റ്റുമായി എത്തി. സുജയൻ വാസുദേവൻ, ഷാബു പ്രസാദ് ,ശരത് എടത്തിൽ, എം. രാമൻ, ഷാജി കുറ്റിത്തൊടിയിൽ, കൃഷ്ണാ കെ. വാര്യത്ത്, വിവേക് എരണേഴത്ത്, രാജീവ്‌ യു, മനോജ് മനയില്‍ പത്മപിള്ള, ശങ്കു ടി ദാസ് എന്നിവരെ വ്യക്തിപരമായി ആക്രമിച്ച് ഇട്ട പോസ്റ്റുകള്‍ വ്യാപക ചര്‍ച്ചയായതോടെ ഈ പോസ്റ്റുകള്‍ പിന്‍വലിക്കപ്പെട്ടു. വലിയ തോതിലുള്ള കമന്‍റ് യുദ്ധമാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് അടിയില്‍ നടന്നത്. 

വിവാദം കത്തിയപ്പോള്‍ തങ്ങളുടെ നിലപാടുകള്‍ ആവര്‍ത്തിച്ച് പത്മപിള്ള പുതിയ പോസ്റ്റ് ചെയ്തിരുന്നു അതിലെ പ്രസക്ത ഭാഗം ഇങ്ങനെയായിരുന്നു.  

" 2006 ൽ രെജിസ്റ്റർ ചെയ്യപ്പെട്ട ശബരിമല യുവതിപ്രവേശന ഹർജിയിൽ, 2016 ൽ ഹാപ്പി റ്റു ബ്ലീഡ് എന്ന സംഘടന കക്ഷി ചേർന്നു അതു വീണ്ടും സജീവമായി വാർത്തകളിൽ നിറഞ്ഞു. ആ സംഘടനയ്ക്ക് വേണ്ടി ആര്യസമാജ ചിന്തകൾ ഉള്ള കശ്യപാശ്രമത്തിലെ എംആര്‍ രാജേഷ് വേദങ്ങളെ വരെ അനുകൂലമായി ഉദ്ധരിച്ചു ഇന്റർവ്യൂകൾ നൽകി.

2016 ഓഗസ്റ്റ് മുതൽ വലതുപക്ഷ സംഘടനകളിലെ പലരെയും പലർ വഴി കണ്ടും വിളിച്ചും ശബരിമല ആചാര സംരക്ഷണത്തിനെപ്പറ്റി പ്രതികരിക്കണം എന്നു അഭ്യർത്ഥിച്ചിരുന്നു.. കുമ്മനം ജി അടക്കമുള്ളവർ ബിജെപി നിലപാട് എന്നാരോ പറഞ്ഞതു തിരുത്താൻ അല്ലാതെ, പബ്ലിക്കിൽ തികഞ്ഞ മൗനമായിരുന്നു പാലിച്ചത്.

ഈ മൗനത്തിനെപ്പറ്റി ചോദിച്ചപ്പോൾ "സംഘടനയുടെ നിലപാട് അറിയിക്കുന്നത് വരെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഞങ്ങളിലാരും പറയില്ല, ഈ സംഘടനയുടെ അച്ചടക്കം അങ്ങനെയാണ്" എന്നാണ് ഉത്തരം ലഭിച്ചത്. അതേ സമയം, ആചാരധ്വംസനത്തിന്റെ ആവശ്യകതയെപ്പറ്റി, അതു വളരെ സിമ്പിളായ കാര്യമെന്ന മട്ടിൽ ലേഖനങ്ങളും പ്രസംഗങ്ങളും സംഘടനയിലെ പലരും അവിരതം തുടർന്ന് കൊണ്ടും ഇരുന്നു. അച്ചടക്കം ഇങ്ങനെ ചിലർക്ക് മാത്രം ബാധകമാണോ എന്ന് ഞാൻ നേരിട്ടു പലരോടും ചോദിച്ചിട്ടുണ്ട്.

ജോഷിജിയുടെ ഇന്റർവ്യൂ നടത്തിയ TG, യുവതിപ്രവേശനമാണ് സംഘത്തിന്റെ നിലപാട് എന്നു പലവുരു പറഞ്ഞപ്പോഴൊന്നും സംഘടനയിലെ ഒരൊറ്റയാൾ പോലും അദ്ദേഹത്തെ വിലക്കിയില്ല, ആചാര്യ സഭയെക്കുറിച്ചാണ് സർകാര്യവഹ് പറഞ്ഞതെന്ന് തിരുത്തിയില്ല. അച്ചടക്കം അവിടെയും കണ്ടില്ല. 2016 ൽ ഹാപ്പി റ്റു ബ്ലീഡ് കക്ഷി ചേർന്നു കേസിന്റെ ഹിയറിങ് പുനരംഭിച്ചപ്പോൾ.. എന്തു കൊണ്ടിപ്പോൾ തന്നെ ആചാര്യസഭ സംഘടിപ്പിച്ചു ഇതിനെപ്പറ്റി ചർച്ച ചെയ്തു കൂടാ എന്നും ആവർത്തിച്ചു ചോദിച്ചവരാണ് ആര്‍ടിഡബ്യൂ. 2 വർഷം സമയമുണ്ടായിട്ടും അതുണ്ടായില്ല.

വിധി വന്നു കഴിഞ്ഞതിനെ ഒറ്റയടിയ്ക്കു സ്വാഗതം ചെയ്തത് പാർട്ടിയുടെയും സംഘടനയുടെയും ഏറ്റവും തലപ്പത്തുള്ളവർ. അന്ന് ആചാര്യസഭയെന്ന വാക്ക് പോലും ഉചരിച്ചിരുന്നില്ല. അയ്യപ്പവിശ്വാസിയും അവരുടെ വരും തലമുറയും പോലും മറക്കാത്ത ഈ മണ്ഡലകാലത്തിന്റെ പശ്ചാത്തലത്തിൽ, യുവതി പ്രവേശിച്ചാൽ നടയടയ്ക്കും എന്നു സധൈര്യം പറഞ്ഞ തന്ത്രിയ്ക്കു ഒരുവിധമെല്ലാ ആചാര്യന്മാരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു എന്നുള്ളപ്പോൾ... 

ഈയിടെയായി വീണ്ടും "എതിർക്കുന്നത്‌ കോടതിയുടെ ഇടപെടലും പിണറായിയുടെ ധാർഷ്ട്യവുമാണ്, ആചാരമൊക്കെ നമ്മൾ പുഷ്പം പോലെ ആചാര്യസഭ വെച്ചു ആലോചിച്ചു മാറ്റാവുന്നതെ ഉള്ളൂ/യുവതികൾ കയറിയാൽ അയ്യപ്പനൊരു ചുക്കും സംഭവിക്കില്ല" എന്നു പറയുന്നത് എന്തു നീതിയാണ്?? ഇനിയെന്തു ആചാര്യസഭ? എല്ലാത്തിനും ഒരു സമയമുണ്ട്, ആ സമയത്തിനുള്ളിൽ എത്തിയില്ലെങ്കിൽ ആ വണ്ടി മിസാവും എന്നറിയില്ലെ? ആഴത്തിലുള്ള മുറിവുകളേറ്റ വിശ്വാസി സമൂഹത്തിന്‍റെ പിന്തുണ അത്തരം ഒരു വൈകിയ പ്രഹസനത്തിനുണ്ടാവും എന്നു കരുതുന്നുവോ.

ശബരിമലയിലെ യുവതിപ്രവേശനം കൊണ്ടു വ്യക്തികൾക്കോ സമൂഹത്തിനോ ലാഭമൊന്നുമില്ലെന്നും, തിരിച്ചു, മനോഹരമായൊരു പദ്ധതിയുടെ കഴുത്തറുത്തു കൊല്ലുന്നതിലൂടെ ഒട്ടനവധി ലക്ഷങ്ങളുടെ ആധ്യാത്മികതയ്ക്കു ക്ഷതമേൽകുമെന്നും വ്യക്തമാണ്."

എന്നാല്‍ അവസാനം ഇട്ട പോസ്റ്റില്‍ പദ്മ പിള്ള തന്‍റെ വിമര്‍ശനത്തിന്‍റെ തോത് ശബരിമല വിഷയത്തില്‍ ഒളിച്ചുകളി നടത്തുന്ന ആര്‍എസ്എസിലെ ഒരു വിഭാഗത്തിനെതിരെ മാത്രമാണ് എന്ന് ലഘൂകരിച്ചിട്ടുണ്ട്. അവരുടെ പുതിയ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ.

"പിണറായി വിജയനെ എതിർക്കുക എന്നു പറഞ്ഞാൽ അത് തന്നെയൊരു പുണ്യപ്രവർത്തി ആണെന്നിരിക്കെ, ആ പ്രതിരോധത്തിനോട് വളരെ സ്നേഹമുണ്ട്. പക്ഷെ "യുവതികൾ കയറിയാൽ അയ്യപ്പന് ഒരു ചുക്കും സംഭവിക്കില്ല" എന്നാവർത്തിക്കുന്ന യോഹു വിഭാഗത്തിലെ ആളുകളെയും ആചാരസംരക്ഷകരെന്നു തെറ്റിദ്ധരിച്ചുപോയതിൽ ഉള്ള ആത്മനിന്ദ ഉണ്ട് താനും. "അവർ" എന്നു ഞാനുദ്ദേശിച്ചത് അവരെയാണ്. അവർ രാഷ്ട്രീയത്തിന് വേണ്ടി വന്നവരാണ്, ആ നിലയിൽ മാത്രമേ കാണേണ്ടിയിരുന്നുള്ളൂ എന്നു സാരം".

അതേ സമയം ഈ സോഷ്യല്‍ മീഡിയ പോരില്‍ ചേരി തിരിഞ്ഞ് ഇട്ട കമന്‍റുകളില്‍ നിന്നും മനസിലാകുന്ന ചില കാര്യങ്ങള്‍ സൈബറിടങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ശബരിമല വിഷയം വലിയ ചര്‍ച്ചയാക്കിയ സംഘപരിവാര്‍ അനുകൂലികള്‍ക്കിടയില്‍ തന്നെ ഈ വിഷയം വലിയൊരു ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമായി മാത്രം സംഘപരിവാര്‍ കൈകാര്യം ചെയ്തു എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഈ വിവാദങ്ങള്‍ എല്ലാം ഉയര്‍ന്നുവരുന്നത് എന്നത് ആര്‍എസ്എസിന് വലിയ ക്ഷീണം ഉണ്ടാക്കില്ലെങ്കിലും ശബരിമലയില്‍ ആചാര സംരക്ഷണം മുന്‍ നിര്‍ത്തി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ ബാധിക്കുമെന്ന് ഉറപ്പാണ്.

Follow Us:
Download App:
  • android
  • ios