
ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യൻ കുറ്റം സമ്മതം നടത്തി. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ബിന്ദു കൊലക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിലും സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും. ഇവിടങ്ങളിൽ ബിന്ദുവുമായി സെബാസ്റ്റ്യൻ യാത്ര ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തു വച്ചാണോ ബിന്ദു കൊല്ലപ്പെട്ടത് എന്നും സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും ഒരു സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. ദല്ലാളായ സോഡാ പൊന്നപ്പൻ എന്നയാൾ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. നാല് വർഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പൻ സംസാരിച്ചത്.
2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. തിനിടെ ബിന്ദുവിന്‍റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ബിന്ദുവിന്റെ തിരോധാന കേസിൽ സെബാസ്റ്റ്യൻ സംശയമുനയിൽ ആയിരുന്നെങ്കിലും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ല.
ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് മറ്റ് തിരോധാന കേസുകളെ കുറിച്ച് പുനരന്വേഷണം തുടങ്ങിയത്. കോട്ടയം ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യനാണ് പ്രതി എന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടർന്നാണ് ഈ കേസിൽ സെബാസ്റ്റ്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam