രാത്രി വൈകിയും വിദഗ്ധരുമായി ചര്‍ച്ച, മുഖ്യമന്ത്രിയുടെ ഓഫിസുമായി കത്തിടപാട്; ഗവര്‍ണര്‍ എതിര്‍പ്പുള്ള ഭാഗം വായിച്ചതിന് പിന്നിലെ കാരണങ്ങള്‍

By Web TeamFirst Published Jan 30, 2020, 6:58 AM IST
Highlights

രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും രാത്രി വൈകിയും കത്തിലൂടെ ഏറ്റുമുട്ടി. ഓക്സ്ഫോർഡ് നിഘണ്ടുവിൽ നയവും കാഴ്ചപ്പാടും രണ്ടാണെന്ന വിശദീകരണം ചൂണ്ടിക്കാട്ടിയായിരുന്നു രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതിക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്ന ഭാഗം വായിച്ചാൽ തന്‍റെ വിയോജിപ്പ് കൂടി പരസ്യമാക്കാനാകുമെന്ന ഉപദേശത്തിന്‍റെ കൂടി അടിസ്ഥാനക്കിലായിരുന്നു ഗവർണര്‍ ആരിഫ് ഖാന്‍റെ നിലപാട് മാറ്റമെന്ന് സൂചന. പൊടുന്നനെയുള്ള പ്രതിപക്ഷത്തിന്‍റെ അസാധാരണ പ്രതിഷേധവും ഗവർണർ കണക്കിലെടുത്തെന്നും സൂചനയുണ്ട്. ഗവർണറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ കത്തിൽ കാര്യോപദേശക സമിതി നാളെ അന്തിമ തീരുമാനമെടുക്കും.

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തലേന്ന് രാത്രി വൈകും വരെ ഗവർണർ സഭയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചുള്ള ചർച്ചകളിലായിരുന്നു. ഭരണഘടനാ വിദഗ്ധർ, ലോക്സഭയിലെ മുൻ സെക്രട്ടറിമാർ, നിയമവിദഗ്ധർ എന്നിവരുടെ ഉപദേശം തേടി. ഇതിനിടെ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിൽ രാത്രി വൈകിയും നയ പ്രസംഗത്തെക്കുറിച്ച് കത്തിലൂടെ ഏറ്റുമുട്ടി. ഓക്സ്ഫോർഡ് നിഘണ്ടുവിൽ നയവും കാഴ്ചപ്പാടും രണ്ടാണെന്ന വിശദീകരണം ചൂണ്ടിക്കാട്ടിയായിരുന്നു രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

പൗരത്വപ്രതിഷേധം വെറും കാഴ്ചപ്പാടാണെന്ന് ഗവർണറുടെ നിലപാട്. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് നിഷ്കർഷിക്കുന്ന ഒരു കൂട്ടം ആശയങ്ങളാണ് നയമെന്ന കേംബ്രിഡ് നിഘണ്ടു വിശദീകരണ പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി. ഒപ്പം നയം മാത്രമല്ല നയപ്രഖ്യാപനമെന്നെ നെഹ്റുവിവിന്‍റെ അഭിപ്രായവും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദവും അഭ്യർത്ഥനക്കും ഒടുവിൽ എതിർപ്പുള്ള ഭാഗം വായിക്കാതെ വിട്ട മുൻഗാമികളുടെ കീഴ്വഴക്കം തെറ്റിക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിച്ചു. വായിക്കാതെ വിട്ടാലും എതിർപ്പുള്ള ഭാഗം സഭാ രേഖയാകും. അപ്പോൾ വായിച്ചാൽ ഏറ്റുമുട്ടൽ ഒഴിവാക്കുകയും ഒപ്പം വിയോജിപ്പ് പറയാനുള്ള അവസരമാക്കാമെന്നതായി രാജ്ഭവൻ നയം. നിലപാട് ഒന്നുകൂടി ഉറപ്പിക്കാൻ സഭക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധവും കാരണമായെന്നും സൂചനയുണ്ട്. 

കേരളം ഉറ്റുനോക്കിയിരുന്ന നയപ്രസംഗമായിരുന്നു ഗവര്‍ണറുടേത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഭാഗം വായിക്കില്ലെന്നാണ് അവസാന നിമിഷവും രാജ്ഭവന്‍ മാധ്യമങ്ങളെ അറിയിച്ചത്. വായിച്ചില്ലെങ്കിലും രേഖയാകുമെങ്കിലും വായിക്കാതെ വിടുമെന്നായിരുന്നു സൂചന. ഗവര്‍ണര്‍ വായിച്ചില്ലെങ്കില്‍ സര്‍ക്കാറിന് ക്ഷീണമാകുമായിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ സര്‍ക്കാറുമായി തുറന്നേറ്റുമുട്ടിയ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയത്തെ പിന്തുണക്കില്ലെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം നേരിട്ടെങ്കിലും ഗവര്‍ണര്‍ നയപ്രഖ്യാപനം വായിച്ചു. ഗവര്‍ണര്‍ വായിച്ചില്ലെങ്കില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സര്‍ക്കാറിന്‍റെ നിലപാടിനെ ചോദ്യം ചെയ്തുള്ള യുഡിഎഫ് ആരോപണം കൂടുതല്‍ ശക്തമാകുമായിരുന്നു. 

click me!