ഉരുൾപൊട്ടലിന് വഴി വച്ചത് ഭൂവിനിയോഗത്തിലെ മാറ്റവും; നിര്‍ദ്ദേശങ്ങളുമായി വിദഗ്ധർ

By Web TeamFirst Published Aug 15, 2019, 7:01 AM IST
Highlights

സംസ്ഥാനത്തെ പശ്ചിമഘട്ടനിരകളിൽ 85 ഇടത്താണ് ഇത്തവണ ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിന്റെ തോത് കുറയ്ക്കാനുള്ള മാ‍ർഗ്ഗങ്ങൾക്ക് ഭരണകൂടം ഊന്നൽ നല്‍കണമെന്നാണ് വിദഗ്ധ പക്ഷം.

കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ഭൂവിനിയോഗത്തിലെ മാറ്റവും സംസ്ഥാനത്ത് ഉരുൾപൊട്ടലിന് വഴിയൊരുക്കിയെന്ന് വിദഗ്ധർ. ഉരുൾപൊട്ടലിന്റെ തോത് കുറയ്ക്കാനുള്ള മാ‍ർഗ്ഗങ്ങൾക്ക് ഭരണകൂടം ഊന്നൽ നല്‍കണമെന്നാണ് വിദഗ്ധ പക്ഷം.

കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിക്കൊപ്പം ഇടിയും മിന്നലും, മലമുകളിലെ വെള്ളം രണ്ട് മീറ്റർ വരെ ആഴത്തിൽ അരിച്ചിറങ്ങി മണ്ണടക്കം ഒലിച്ച് പോകുന്ന സോയിൽ പൈപ്പിംഗ് പ്രതിഭാസം, വയനാട്ടിലടക്കമുള്ള മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത് ഇത്തരത്തിൽ സംഭവിച്ചതാണെന്നാണ് വിദഗ്ധർ കരുതുന്നത്. സംസ്ഥാനത്തെ പശ്ചിമഘട്ടനിരകളിൽ 85 ഇടത്താണ് ഇത്തവണ ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായത്.

മുള, ഈറ്റ, രാമച്ചം പോലെ മണ്ണിനെ വേരുകൾക്കിടയിൽ നിർത്തുന്ന സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നത് മണ്ണിടിച്ചിലിനെ കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. റബർ, കാപ്പി, തേയില തോട്ടങ്ങൾക്ക് മുകളിൽ അഞ്ചോ ആറോ സെന്റിൽ തലക്കാട് അഥവാ തദ്ദേശീയമായ മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് ഉരുൾപൊട്ടലിനെ തടയാൻ സഹായിക്കും.

പ്രകൃതിയോടിണങ്ങുന്ന വികസന മോഡലിനാണ് കേരളം ഇനി ഊന്നൽ നൽകേണ്ടത്. എങ്കിലേ തുടർച്ചയായ പേമാരിയും നിമിഷ പ്രളയവും സൃഷ്ടിക്കുന്ന കെടുതികളിൽ നിന്ന് പരിസ്ഥിതി ലോല മേഖലകളെ കാത്തുസംരക്ഷിക്കാനാകൂ. 

click me!