
തിരുവനന്തപുരം: തണുത്ത അന്തരീക്ഷത്തിലാണ് രണ്ടുദിവസമായി കേരളം. ഡിസംബറൊക്കെയല്ലേ വരുന്നത്, മഞ്ഞുകാലമല്ലേ, അതിന്റെയാവും എന്ന് കരുതിയെങ്കിൽ തെറ്റി. ശ്രീലങ്കൻ തീരം കടന്ന് കടന്ന് ഇന്ത്യൻ തീരത്തേക്ക് എത്തിയ ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടർന്നാണ് ഈ തണുപ്പൻ കാലാവസ്ഥ. ഡിറ്റ് വാ ചുഴലിക്കാറ്റിൻറെ ഭാഗമായുള്ള മേഘങ്ങൾ രണ്ട് ദിവസമായി കേരളത്തിൻറെ അന്തരീക്ഷത്തിന് മുകളിൽ നിൽക്കുന്നതാണ് പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണം.
ഡിറ്റ് വ ചുഴലിക്കാറ്റിന്റെ ഔട്ടർ ബാന്റുകൾക്കും പുറത്താണ് കേരളം. എന്നിരുന്നാലും ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലേക്ക് കനത്ത തോതിൽ മേഘങ്ങൾ എത്തുന്നുണ്ട്. ഈ മേഘങ്ങൾ കാരണം സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നതിന്റെ തോത് കുറവാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷം ചൂടുപിടിക്കുന്നില്ല. ഇതാണ് പകലും രാത്രിയും താപനില കുറഞ്ഞു നിൽക്കുന്നതിലേക്ക് നയിക്കുന്നത്.
ചുഴലിക്കാറ്റുകൾ സാധാരണ ഗതിയിൽ മേഖലയിലെ താപനില കുറയ്ക്കാറുണ്ട്. ഉയർന്ന അന്തരീക്ഷ പാളികളിലെ തണുത്ത വായുവിനെ അപ്പർ എയർ സർക്കുലേഷനുകളും ചുഴലിക്കാറ്റുകളും ന്യൂനമർദങ്ങളും താഴേക്ക് കൊണ്ടുവരും. തുടർന്ന് താഴ്ന്ന അന്തരീക്ഷപാളിയെ തണുപ്പിക്കും. ഇതാണ് അന്തരീക്ഷം പെട്ടെന്ന് തണുക്കുന്നതിന്റെ മറ്റൊരു കാരണം.
ഡിറ്റ് വ ചുഴലിക്കാറ്റിന്റെ സ്‌പൈറൽ ബാ്ൻഡ് എന്നറിയപ്പെടുന്ന ഔട്ടർ ബാന്റുകൾ ഈർപ്പത്തെ കേരളത്തിനു മുകളിലേക്ക് എ്ത്തിക്കുന്നതും തണുപ്പിന് കാരണമാണ്. ഔട്ടർ ബാന്റിലായതിനാലാണ് മൂടിക്കെട്ടി നിന്നിട്ടും കേരളത്തിൽ മഴ ലഭിക്കാത്തതിനും കാരണം. കൂടാതെ കേരളത്തിലേക്ക് ഉത്തരേന്ത്യൻ വരണ്ട കാറ്റിന്റെ സ്വാധീനവും ഉണ്ട്.
വടക്കൻ കേരളത്തിൽ രാത്രിയും പുലർച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടക്കമുള്ള തെക്കൻ ജില്ലകളിൽ പകൽ സമയങ്ങളിൽ പോലും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പുമാണ്. ചുഴലിക്കാറ്റിൻറെ സ്വാധീന ഫലമായി കേരളത്തിലെ മിക്കജില്ലകളിലും ദിവസം മുഴുവൻ തണുത്ത അന്തരീക്ഷ സ്ഥിതി തുടരും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മേഘങ്ങൾ നീങ്ങി തുടങ്ങും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡിറ്റ് വയുടെ ശക്തി കുറയുന്നതിനൊപ്പം കേരളത്തിൽ സൂര്യ പ്രകാശവും പൂർവ സ്ഥിതിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.
വടക്കു-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 30നാണ് ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് എത്തിയത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂന മർദ്ദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.