
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെ (കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ) സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിറക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11 വരെ എസ്ഐആര്‍ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14നായിരിക്കും പുറത്തിറക്കുക. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണന് അയച്ച ഉത്തരവാണ് പുറത്തുവന്നത്. എസ്ഐആർ നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കാനുള്ള സമ്മർദത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീയതി നീട്ടാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്ഐആര്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും. ബിഎൽഒമാര്‍ക്കും അതുപോലെ ഫോം പൂരിപ്പിച്ചു നൽകുന്നതിലടക്കം വോട്ടര്‍മാര്‍ക്കും പുതിയ തീരുമാനം ആശ്വാസമാകും.
തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടയിൽ ഫോം വിതരണം പൂര്‍ത്തിയാക്കി കരട് പട്ടിക പുറത്തിറക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തിൽ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം. ഡിസംബര്‍ ഒമ്പതിനാണ് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പും കരട് പട്ടിക പ്രസിദ്ധീകരണവും ഒരേ ദിവസം വരുന്നതിലെ ആശങ്കയും രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. സമയം നീട്ടിയതോടെ ഒരാഴ്ച കൂടുതലായി നടപടികള്‍ക്ക് സമയം ലഭിക്കുമെന്ന ആശ്വാസമാണ് ലഭിക്കുന്നത്. സമയപരിധി നീട്ടിയത് ബിഎൽഒമാര്‍ക്കടക്കം ആശ്വാസമാകും. സമയമില്ലാത്തതിനാൽ ഫോം വിതരണവും ഡിജിറ്റലൈസേഷൻ നടപടികളുമടക്കം പൂര്‍ത്തിയാക്കാൻ കഴിയാതെ ബിഎൽഒമാര്‍ സമ്മര്‍ദത്തിലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിലെ എസ്ഐആര്‍ നീട്ടിവെയ്ക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. നീട്ടി വെയ്ക്കുന്നതിൽ എതിര്‍പ്പില്ലെന്ന് ബിജെപിയും നിലപാട് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം രാഷ്ട്രീയപാര്‍ട്ടികളെ വിളിച്ചുചേര്‍ത്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ പരാതികളുടെ പ്രവാഹമായിരുന്നു. എസ്ഐആര്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മീഷൻ സ്വമേധയാ നീട്ടിവെച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിറക്കുന്നത്. എസ്ഐആര്‍ നടപടികളിലെ സമ്മര്‍ദത്തെതുടര്‍ന്ന് ബിഎൽഒമാര്‍ പല സംസ്ഥാനങ്ങളിലും ജീവനൊടുക്കിയ സംഭവങ്ങളും ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപക പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുമ്പിലെത്തിയിരുന്നു. സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ഘട്ടത്തിലടക്കം സമയപരിധി നീട്ടിയ കാര്യമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുക.