'വിമതൻ' പത്രിക പിൻവലിക്കും, 'രണ്ടില' തരില്ലെന്നുറച്ച് ജോസഫ്, ചിഹ്നമാർക്കെന്ന് ഇന്നറിയാം

By Web TeamFirst Published Sep 5, 2019, 9:06 AM IST
Highlights

ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്വതന്ത്രനായി വരട്ടെ, എങ്കിൽ രണ്ടിലച്ചിഹ്നം കൊടുക്കാമെന്നാണ് ജോസഫിന്‍റെ വിമതൻ-കം-ഡമ്മി സ്ഥാനാർത്ഥി ജോസഫ് കണ്ടത്തിൽ പറ‍ഞ്ഞത്. 

കോട്ടയം: പാലായിലെ നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കാനിരിക്കെ, പത്രിക പിൻവലിക്കാനൊരുങ്ങി പി ജെ ജോസഫ് കളത്തിലിറക്കിയ വിമതൻ ജോസഫ് കണ്ടത്തിൽ. ജോസ് കെ മാണി പക്ഷം സ്ഥാനാർത്ഥിയായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടിലച്ചിഹ്നം കിട്ടാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് പത്രിക പിൻവലിക്കാൻ പി ജെ ജോസഫ് നിർദേശം നൽകിയത്. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് ടോമിനെ അംഗീകരിക്കില്ലെന്നാണ് ജോസഫ് കണ്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

എന്തായാലും യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോമിനെ പ്രഖ്യാപിച്ച ശേഷം വന്ന വിമതൻ പത്രിക പിൻവലിക്കുന്നതിൽ തൽക്കാലം ആശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ എന്ത് വന്നാലും ചിഹ്നം വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിലാണ് ജോസഫ് വിഭാഗം. 

രണ്ടില തര്‍ക്കത്തില്‍ കേരള കോൺഗ്രസ് എമ്മിലെ ജോസ് - ജോസഫ് പക്ഷങ്ങള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ സൂക്ഷ്മ പരിശോധന. ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ മാണി പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വർക്കിംഗ് ചെയര്‍മാനാണെന്ന് ജോസഫ് പക്ഷം ചൂണ്ടിക്കാണിക്കും.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ജോസഫ് വിഭാഗം വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പി ജെ ജോസഫ് നല്‍കിയ കത്തും വരണാധികാരിക്ക് മുൻപിലുണ്ട്. അതേസമയം സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നാണ് ജോസ് പക്ഷം വരണാധികാരിയേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറേയും അറിയിച്ചിരിക്കുന്നത്.

സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയ പ്രകാരം ചിഹ്നം ആവശ്യപ്പെട്ടുവെന്നാണ് ജോസ് പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജ് വ്യക്തമാക്കിയത്. എന്തായാലും നിയമക്കുരുക്കിലുള്ള ചിഹ്നത്തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുൻപാകെയുള്ള ചെയര്‍മാൻ തര്‍ക്കവും കോടതിയിലെ കേസുകളും പാര്‍ട്ടി ഭരണ ഘടനയും പരിഗണിച്ചാകും വരണാധികാരിയുടെ തീരുമാനം എന്നാണ് വിവരം.

click me!