
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണമേളം. 262 വിവാഹങ്ങളാണ് ഇന്നലെ വൈകിട്ട് വരെ ശീട്ടാക്കിയത്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കി. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചു. ക്ഷേത്രംകിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ടാണ് തിരക്ക് നിയന്ത്രിക്കുന്നത്. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. നടപന്തലിൽ വിശ്രമിക്കാൻ സൗകര്യം ഉണ്ട്. താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങണം. വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam