കേരളത്തിന്‍റെ ചിറാപുഞ്ചിയായി വടകര: ആറ് ദിവസത്തില്‍ പെയ്തത് 853 മില്ലി മീറ്റര്‍ മഴ

By Web TeamFirst Published Jul 25, 2019, 10:15 AM IST
Highlights

മുംബൈ മുതല്‍ കോഴിക്കോട് വരെയുള്ള തീരഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ പാത്തിയും അനുകൂലമായ കാറ്റുമടക്കം പല ഘടകങ്ങളും ഒത്തു ചേര്‍ന്നതോടെയാണ് കേരളത്തില്‍ ശക്തമായ ലഭിച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. 

തിരുവനന്തപുരം: സീസണിലെ ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയ ആഴ്ചയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട് ജില്ലയിലെ വടകര മേഖലയിലെന്ന് കണക്കുകള്‍. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം. ജൂലൈ 19 മുതല്‍ 24 വരെയുള്ള ആറ് ദിവസം കൊണ്ട് 853 മില്ലി മീറ്റര്‍ മഴയാണ് വടകരയില്‍  പെയ്തത്. ജൂലൈ 19 മുതല്‍ കേരളത്തില്‍ ശക്തമായിരുന്ന കാലവര്‍ഷം ഇന്നലെയോടെയാണ് ദുര്‍ബലമായത്. ഈ ആറ് ദിവസങ്ങളിലും കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. 

ജൂലൈ 19 മുതല്‍ 23 വരെ തുടര്‍ച്ചയായി 5 ദിവസം മഴ കണക്കില്‍ വടകര സെഞ്ച്വറി അടിച്ചിരുന്നു. 100 മില്ലിമീറ്ററിലേറെ മഴയാണ് ഈ ദിവസങ്ങളില്‍ ഇവിടെ രേഖപ്പെടുത്തിയത്. ഇതില്‍ ജൂലൈ 22-ന് മാത്രം 200 മില്ലി മീറ്ററിന് മുകളില്‍ മഴ പെയ്തു. 

കാസര്‍ക്കോട് ജില്ലയിലെ‍ കാഞ്ഞങ്ങാട് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഹൊസ്ദുര്‍ഗാണ് കൂടുതല്‍ മഴ ലഭിച്ച രണ്ടാമത്തെ പ്രദേശം. 714.6 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.  മൂന്ന് ദിവസം നൂറ് മില്ലിയിറെ മഴ ഇവിടെ ലഭിച്ചു. ജൂലൈ 20-ന് മഴ ഡബിള്‍ സെ‍ഞ്ച്വറിയുമടിച്ചു. 277 മില്ലി മീറ്റര്‍ മഴയാണ് ആ ഒരു ദിവസം മാത്രം ഹൊസ്ദുര്‍ഗില്‍ പെയ്തത്.  ഇത്തവണ കാലവർഷത്തിൽ കേരളത്തിൽ രേഖപ്പെടുത്തിയ ഒരു ദിവസത്തെ ഏറ്റവും വലിയ രണ്ടാമത്തെ മഴ ആയിരുന്നു ഇത്. 

ഹൊസ്ദുർഗിന് തൊട്ടു പിറകെ മൂന്നാമതായി എത്തിയത് കാസര്‍ക്കോട് ജില്ലയിലെ തന്നെ കുഡ്‌ലു ആണ്. 710. 6 മില്ലിമീറ്റർ മഴയാണ് കു‍ഡ്ലുവില്‍ പെയതത്. ഒറ്റദിവസം മാത്രം കുഡ്ലുവിന്‍റെ 306.6 മില്ലിമീറ്റര്‍ പെയ്തു. മഴക്കണക്കില്‍ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച ഒരേ ഒരു പ്രദേശമാണ് കുഡ്ലു. ഇതു കൂടാതെ രണ്ട് ദിവസം 100 മില്ലിയിലേറെ മഴ പെയ്തു. 

തളിപ്പറമ്പില്‍  569. 4 മില്ലിമീറ്റർ മഴ പെയ്തപ്പോള്‍ കണ്ണൂരില്‍  പെയ്ത 472.4 മില്ലിമീറ്റര്‍ മഴയാണ് ആറ് ദിവസത്തില്‍ രേഖപ്പെടുത്തിയത്. മറ്റു സ്ഥലങ്ങളിലെന്ന പോലെ കണ്ണൂരിലും ജൂലൈ 20-ന് മഴ ഡബിള്‍ സെഞ്ച്വറി അടിച്ചു. 218.6 മില്ലി മീറ്റര്‍ മഴ. മുംബൈ മുതല്‍ കോഴിക്കോട് വരെയുള്ള തീരഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ പാത്തിയും അനുകൂലമായ കാറ്റുമടക്കം പല ഘടകങ്ങളും ഒത്തു ചേര്‍ന്നതോടെയാണ് കേരളത്തില്‍ ശക്തമായ ലഭിച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. 

ഒരു ദിവസം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ പ്രദേശങ്ങള്‍ 

  1. കുഡ്‌ലു -  306.6  (ജൂലൈ 20)
  2. ഹൊസ്ദുർഗ് - 277 (ജൂലൈ 20)
  3. കണ്ണൂർ - 218 (ജൂലൈ  20)
  4. വടകര - 200 (ജൂലൈ 22)
  5. വടകര - 190 (ജൂലൈ  20)
click me!