
ഇടുക്കി: ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. എന്നാൽ ഇന്നലെ രാത്രി പുതിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കെടുതിയിൽ ജില്ലയിൽ ഇന്നലെ 3 പേർ മരിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്നലെ രാത്രി ഇടുക്കിയിൽ എത്തിയിട്ടുണ്ട്.
5 താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. 800ഓളം പേർ ഈ ക്യാമ്പുകളിലുണ്ട്. കഴിഞ്ഞ തവണത്തെ ദുരന്തത്തിന്‍റെ പശ്ചാത്തലിൽ ശക്തമായ മുൻകരുതൽ നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പല മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. മൂന്നാർ, ഏലപ്പാറ, വണ്ടിപ്പെരിയാർ മേഖലകളിൽ ഇത് വരെ വെള്ളം ഇറങ്ങിയിട്ടില്ല. 100ലധികം വീടുകളിൽ ഇവിടെ വെള്ളം കയറിയിരിക്കുകയാണ്. ഇവിടുത്തെ ആളുകളെയെല്ലാം നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
ആദിവാസി മേഖലയായ കണ്ണംപടിയിൽ 1500 പേർ കുടുങ്ങി കിടക്കുകയാണ്. ഇവരെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം ഇന്നലത്തെ ഉരുൾപൊട്ടലിൽ തകർന്നിരുന്നു. അഗ്നിശമന സേന താത്കാലിക പാലം ഒരുക്കാനുള്ള ശ്രമത്തിലാണ്.
ജില്ലയിലെ 5 ചെറിയ ഡാമുകൾ തുറന്നിരിക്കുകയാണ്. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളുടെ കാര്യത്തിൽ ആശങ്കയില്ല. നിലവിൽ ഇടുക്കിയിൽ 26 ശതമാനം വെള്ളം മാത്രമാണുള്ളതെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam