ഉരുള്‍പൊട്ടിയ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നു; നെ‍ഞ്ചിടിപ്പോടെ വയനാട്

By Web TeamFirst Published Aug 9, 2019, 5:49 AM IST
Highlights

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്‍റീന്‍, എഴുപതോളം വീടുകള്‍ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം.

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം രാത്രിയില്‍ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ നെഞ്ചിടിപ്പോടെ വയനാട്. വയനാട് കല്‍പറ്റയില്‍ മേപ്പാടിക്ക് സമീപമുള്ള ഏസ്റ്റേറ്റ് മേഖലയാണ് പുത്തുമലയിലെ ഉരുള്‍പൊട്ടലാണ് ആശങ്കയിലാഴ്ത്തുന്നത്. അപകടത്തിന്‍റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. പ്രാഥമിക സൂചനകള്‍ അനുസരിച്ച് വന്‍ നാശനഷ്ടമാണ് പുത്തുമലയില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണമില്ല.  ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്‍റീന്‍, എഴുപതോളം വീടുകള്‍ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാത്രി മുതല്‍ പുത്തുമലയില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകള്‍ മാറിതാമസിച്ചു. എന്നാല്‍ ആളുകള്‍ മാറിതാമസിച്ച സ്ഥലമടക്കം മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്.  

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ വിവരം മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് സഹദാണ് ഏതാനും സെക്കന്‍ഡുള്ള മൊബൈല്‍ വീഡിയോയായി പകര്‍ത്തി പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാല്‍ സഹദ് അടക്കം പ്രദേശത്തുള്ള ആരേയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയ ശേഷം സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് എത്തി. എന്നാല്‍ എന്താണ് പുത്തുമലയിലെ ശരിയായ ചിത്രമെന്ന് ഇനിയും വ്യക്തമല്ല.

ഒറ്റപ്പെട്ട മേഖലയായ പുത്തുമലയിലേക്കുള്ള യാത്ര ദുര്‍ഘടമായ പാതയിലൂടെയാണ്. ഇവിടേക്കുള്ള ഗതാഗതം ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്. അവിടേക്ക് പോയവരെ ആരേയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. പോയവര്‍ ആരും മടങ്ങിയെത്തുകയും ചെയ്തിട്ടില്ല. നേരം വെളുത്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്നറിയാന്‍ സാധിക്കൂവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

രാവിലെ ആറിന് ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂവെന്ന് ജില്ലാഭരണകൂടം അറിയിച്ചിരുന്നു. ഇതുവരെ പത്ത് പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. രാത്രി വൈകിയും മഴ പെയ്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിട്ടുണ്ട്.  മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തു വന്നിരുന്നു. 
 

click me!