കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വ്യാഴാഴ്ച നാല് ജില്ലകളിൽ റെഡ് അലർട്ട്

By Web TeamFirst Published Nov 30, 2020, 1:39 PM IST
Highlights

ഡിസംബർ 3,4 തീയതികളിൽ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യത്തെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അതിവേഗം ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കും എന്ന മുന്നറിയിപ്പിനെ പിന്നാലെയാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. 

ഡിസംബർ 3,4 തീയതികളിൽ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഡിസംബർ മൂന്ന് വ്യാഴാഴ്ച സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്. അന്നേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ (ഡിസംബർ ഒന്ന് ചൊവ്വാഴ്ച) തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്, ഡിസംബർ രണ്ട് ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. 

ഡിസംബർ നാല് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ അന്ന് യെല്ലോ അലർട്ടാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ലക്ഷദ്വീപിൽ ഓറഞ്ച് അലർട്ട് ബാധകമായിരിക്കും. 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ 'ബുറെവി' ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് അല്ലെങ്കിൽ ന്യൂനമർദ്ദം ശ്രീലങ്കയിൽ കര തൊടുമെന്നാണ് പ്രവചന. മാലിദ്വീപ് നിർദ്ദേശിച്ച പേരാണ് 'ബുറെവി'.

സീസണിലെ മൂന്നാമത്തെയും ഈ വർഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റ് ആണ് 'ബുറെവി. ഉം പുൻ,(ബംഗാൾ ഉൾക്കടൽ )നിസർഗ്ഗ, ഗതി, ( അറബികടൽ ) നിവാർ( ബംഗാൾ ഉൽക്കടൽ ) എന്നിവയാണ് ഇതുവരെയുണ്ടായ നാല് ചുഴലിക്കാറ്റുകൾ. മുൻകരുതൽ നടപടികളുടെ ഭാ​ഗമായി ഡിസംബർ 1 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

click me!